കട്ടപ്പനയിലെ അനധികൃത കെട്ടിട നിര്‍മാണം: ഹൈക്കോടതിയുടേത് സുപ്രധാന വിധി: മുന്‍ നഗരസഭ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ്

കട്ടപ്പനയിലെ അനധികൃത കെട്ടിട നിര്‍മാണം: ഹൈക്കോടതിയുടേത് സുപ്രധാന വിധി: മുന്‍ നഗരസഭ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ്

Jul 10, 2024 - 14:20
 0
കട്ടപ്പനയിലെ അനധികൃത കെട്ടിട നിര്‍മാണം: ഹൈക്കോടതിയുടേത് സുപ്രധാന വിധി: മുന്‍ നഗരസഭ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ്
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയിട്ടും നിയമവിധേയമാക്കി നല്‍കിയ മുന്‍ നഗരസഭ സെക്രട്ടറി ജയകുമാറിന്റെ നടപടി തെറ്റാണെന്ന് ഹൈക്കോടതി. പട്ടയം റദ്ദാക്കിയ ഇടുക്കി കലക്ടറുടെ നടപടി കോടതി ശരിവച്ചു. അനധികൃത നിര്‍മാണത്തിന് ഒത്താശ നല്‍കിയ മുന്‍ സെക്രട്ടറിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി ആവശ്യപ്പെട്ടു. പുതിയ ബസ് സ്റ്റാന്‍ഡിനോടുചേര്‍ന്നുള്ള സ്ഥലത്താണ് കട്ടപ്പന സ്വദേശി ലൂക്ക ജോസഫ് നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചത്. മൂന്നുനില കെട്ടിടത്തിനാണ് നഗരസഭ അനുമതി നല്‍കിയത്. എന്നാല്‍ ഭരണസമിതിയോ ടൗണ്‍ പ്ലാനറോ അറിയാതെ സെക്രട്ടറിയുടെ ഒത്താശയോടെ കെട്ടിടം നാലുനിലയായി ഉയര്‍ത്തിയെന്നാണ് ആക്ഷേപം. ഇതിനെതിരെ നഗരസഭ കൗണ്‍സില്‍ 2019ല്‍ സെക്രട്ടറിക്കെതിരെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ സ്ഥലമുടമ ലൂക്ക ജോസഫ്, തണ്ടപ്പേര് മാറ്റി സ്ഥലത്തിന് കരം അടച്ചുവന്നിരുന്നു. ഇതിനെതിരെ കലക്ടര്‍ക്കും റവന്യു വകുപ്പിനും സ്വകാര്യ വ്യക്തി പരാതി നല്‍കി.

തുടര്‍ന്ന് കലക്ടര്‍ സ്ഥലത്തിന്റെ പട്ടയം റദ്ദാക്കുകയായിരുന്നു. കലക്ടറുടെ നടപടിക്കെതിരെ ലൂക്ക ജോസഫും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണിപ്പോള്‍ കലക്ടറുടെ നടപടി ശരിവച്ചുകൊണ്ട് ഹൈക്കോടതി വിധി വന്നത്.
മുമ്പ് പല നിയമവിരുദ്ധ നടപടികളും ചോദ്യം ചെയ്ത കൗണ്‍സില്‍ അംഗങ്ങള്‍ക്കെതിരെ മുന്‍ സെക്രട്ടറി അനാവശ്യമായി പരാതി നല്‍കിയിട്ടുണ്ടെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പല പരാതികളില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടു. വ്യാജ പട്ടയം ഉണ്ടാക്കി സ്ഥലങ്ങള്‍ വില്‍ക്കുന്ന ലോബി തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാരും എല്‍ഡിഎഫും ഇവരെ സംരക്ഷിക്കുകയാണെന്നും ജോയി വെട്ടുക്കുഴി ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow