ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളം 59 പുതുവലില്‍ പട്ടാപകല്‍ മോഷണം. 2 വീടുകള്‍ കുത്തിതുറന്ന മോഷ്ടാവ് ഒരു വീട്ടില്‍ നിന്നും 8 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. വീട്ടുകാര്‍ ജോലിക്ക് പോയ സമയത്താണ് മോഷണം നടന്നതെന്ന് വീട്ടുടമ പഴനിയമ്മ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇവരുടെ തൊട്ടടുത്ത വീട്ടിലെ പാല്‍രാജ് സതി ദമ്പതികളുടെ വീട്ടിലും മോഷണം നടന്നാതായി കണ്ടെത്തി. വീട്ടിലെ അലമാരികള്‍ തുറന്നിട്ട നിലയിലും ടിവി സ്റ്റാന്‍ഡിന്റെ ഡ്രോ തുറന്ന നിലയിലുമായിരുന്നു. ഇവരുടെ വീട്ടില്‍ ഓര്‍മശക്തി കുറവുള്ള സതിയുടെ പ്രായമായ അമ്മ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അകത്തുകയറിയത് മനസിലാക്കുവാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക് മുമ്പ് ചുരക്കുളം എസ്റ്റേറ്റ് ജീവനക്കാരന്റെ ക്വാര്‍ട്ടേഴ്‌സിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. പ്രദേശത്ത് പകല്‍ സമയത്ത് തുടര്‍ച്ചയായി മോഷണം നടക്കുന്നതില്‍ ഭീതിലാണ് പ്രദേശവാസികള്‍.