പുതുവയലിലെ വനിതാ സാംസ്‌കാരിക നിലയം തുറന്നുനല്‍കണമെന്നാവശ്യം ശക്തം
പുതുവയലിലെ വനിതാ സാംസ്‌കാരിക നിലയം തുറന്നുനല്‍കണമെന്നാവശ്യം ശക്തം

ഇടുക്കി: അയ്യപ്പന്‍കോവില്‍ പൂക്കളം പുതുവയലില്‍ നിര്‍മിച്ച വനിതാ സാംസ്‌കാരിക നിലയം തുറക്കണമെന്നാവശ്യം ശക്തം. കാടുപിടിച്ച് കിടക്കുന്ന ഇവിടം രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും താവളമായി മാറുകയാണ്. 10 വര്‍ഷത്തിലേറെയായി കെട്ടിടം ഇതേ അവസ്ഥയിലാണ്. പലതവണ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടും വിധം തുറന്നുകൊടുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലായെന്നാണ് ഉയരുന്ന ആക്ഷേപം. കെട്ടിടത്തിനുള്ളിലെ ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുതുടങ്ങി. ജനല്‍ ചില്ലുകള്‍ പലഭാഗത്തും തകര്‍ന്ന നിലയിലാണ്. ഇതുകൂടാതെ പുതുവയല്‍ ഭാഗത്തുള്ള അങ്കണവാടി കെട്ടിടം വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന സ്ഥിതിയിലാണ്. പ്രവര്‍ത്തനയോഗ്യമായ കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ല. അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






