തൂങ്ങി മരിച്ചെന്നുപറഞ്ഞ് ആശുപത്രിയിലെത്തിച്ചു: പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവാവിന്റെ മരണം കൊലപാതകം
തൂങ്ങി മരിച്ചെന്നുപറഞ്ഞ് ആശുപത്രിയിലെത്തിച്ചു: പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവാവിന്റെ മരണം കൊലപാതകം

ഇടുക്കി: പീരുമേട്ടില്‍ തൂങ്ങിമരിച്ചെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പള്ളിക്കുന്ന് വുഡ്‌ലാന്‍സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ (29) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കുപിന്നിലും തലയുടെ മുകള്‍ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായി അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകര്‍ന്നതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് ജില്ലാ പൊലീസ് മോധാവി വിഷ്ണുപ്രദീപ് സംഭവ സ്ഥലത്തെത്തി ഫോറന്‍സിക് സര്‍ജന്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ കുടുംബാംഗങ്ങള്‍, സഹോദരിയുടെ സുഹൃത്തുക്കള്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന സംഘം ബിബിന്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടുവെന്നാണ് ഡ്യൂട്ടി ഡോക്ടറോട് ബന്ധുക്കള്‍ പറഞ്ഞത്. യുവാവ് മരിച്ചുകിടന്ന വീട് പൊലീസും, ഫോറന്‍സിക് വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
കോയമ്പത്തൂരില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിബിന്‍ ദീപാവലിയോടനുബന്ധിച്ചാണ് നാട്ടിലെത്തിയത്. സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തശേഷം തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






