വണ്ടിപ്പെരിയാര്‍ കേസ്: കുറ്റവിമുക്തനാക്കിയ യുവാവ് ഹൈക്കോടതി നിര്‍ദേശപ്രകാരം കട്ടപ്പന കോടതിയില്‍ കീഴടങ്ങി

വണ്ടിപ്പെരിയാര്‍ കേസ്: കുറ്റവിമുക്തനാക്കിയ യുവാവ് ഹൈക്കോടതി നിര്‍ദേശപ്രകാരം കട്ടപ്പന കോടതിയില്‍ കീഴടങ്ങി

Dec 23, 2024 - 11:29
Dec 23, 2024 - 12:07
 0
വണ്ടിപ്പെരിയാര്‍ കേസ്: കുറ്റവിമുക്തനാക്കിയ യുവാവ് ഹൈക്കോടതി നിര്‍ദേശപ്രകാരം കട്ടപ്പന കോടതിയില്‍ കീഴടങ്ങി
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയ കേസില്‍ കുറ്റവിമുക്തനാക്കിയ ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുന്‍(25) കട്ടപ്പന കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് തിങ്കളാഴ്ച രാവിലെ കീഴടങ്ങിയത്. പ്രതിയെ വെറുതെവിട്ട കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് നിര്‍ദേശം. പ്രതി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ടും കട്ടപ്പന കോടതിയില്‍ ഹാജരാക്കി. കോടതിയുടെ അധികാര പരിധിയില്‍ യുവാവിനോട് തുടരണമെന്നും നിര്‍ദേശമുണ്ട്. 2023 ഡിസംബര്‍ 14നാണ് കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി പ്രതിയെ വെറുതെവിട്ട് ഉത്തരവായത്. തുടര്‍ന്ന് കോടതി വളപ്പില്‍ നിരവധി നാടകീയ സംഭവങ്ങളും അരങ്ങേറിയിരുന്നു. വിധി പുറത്തുവന്നതിനുപിന്നാലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും നിലവിളിച്ചും നിലത്തുകിടന്നുരുണ്ടും പ്രതിഷേധിച്ചിരുന്നു. കുട്ടിയുടെ അച്ഛനും മറ്റൊരു ബന്ധുവും കോടതി കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് ചാടാനും ശ്രമമുണ്ടായി. ഒടുവില്‍ യുവാവിനെ അതിസാഹസികമായാണ് പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയത്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസിനുനേരെ കടുത്ത വിമര്‍ശനമുണ്ടായി. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ടി ഡി സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വണ്ടിപ്പെരിയാര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ യുവാവിനോട് കോടതിയില്‍ കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow