രാമക്കല്‍മേട്ടില്‍ പിതാവ് മകനെ മര്‍ദിച്ച് കൊലപ്പെടുത്തി
രാമക്കല്‍മേട്ടില്‍ പിതാവ് മകനെ മര്‍ദിച്ച് കൊലപ്പെടുത്തി

ഇടുക്കി: രാമക്കല്‍മേട്ടില്‍ പിതാവ് മകനെ മര്‍ദിച്ചുകൊലപ്പെടുത്തി. രാമക്കല്‍മേട് ചക്കകാനം സ്വദേശി പുത്തന്‍ വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. പിതാവ് രവീന്ദ്രന്‍ നായരെ കമ്പംമെട്ട് പൊലീസ് കസ്റ്റഡിയിലടുത്തു. ചൊവ്വാഴ്ച രാത്രിയില്‍ അമിതമായി മദ്യപിച്ചുവീട്ടിലെത്തിയ ഗംഗാധരനും പിതാവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിച്ചശേഷം ഗംഗാധരന്‍ മൊബൈല്‍ ഫോണില്‍ പാട്ട് വച്ചു. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ അല്പസമയത്തിനകം ഉറങ്ങിപ്പോയി. എന്നാല്‍ പാട്ട് നിര്‍ത്തിയിരുന്നില്ല. രവീന്ദ്രന്‍ പലതവണ പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഫലം കാണാതെ വന്നതോടെ ഗംഗാധരന്റെ മുറിയില്‍ എത്തി കാപ്പി വടിക്ക് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ നിലത്തുവീണ ഗംഗാധരന്റെ തലയില്‍നിന്ന് രക്തം വാര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെ മകന്‍ ബോധം കെട്ടുവീണു എന്ന് രവീന്ദ്രന്‍ അറിയിച്ചു. മുറ്റത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പോയി മടങ്ങുമ്പോള്‍ മെറ്റലില്‍ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് രവീന്ദ്രന്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയില്‍ വാഹനം ഓടിച്ച ഓട്ടോറിക്ഷ ഡ്രൈവറോടും ആശുപത്രിയിലെ ഒരുഡോക്ടറോടും താന്‍ വടിയെടുത്ത് അടിച്ചിരുന്നതായി പറഞ്ഞതാണ് നിര്‍ണായകമായത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വടികൊണ്ട് തലയുടെ വലതുഭാഗത്ത് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതോടുകൂടി രവീന്ദ്രനെ കമ്പംമെട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






