ഇടുക്കി: കട്ടപ്പന നഗരസഭയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. പ്രാദേശിക വികസനത്തിനും ആരോഗ്യ മേഖലക്കും ഊന്നല്‍ നല്‍കിയുള്ള വാര്‍ഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനം, പ്രാദേശിക കാലാവസ്ഥ വ്യതിയാനം, ഖര-ജൈവ മാലിന്യ സംസ്‌കരണം, പൊതുജന ആരോഗ്യ മേഖല എന്നിവയ്ക്ക് പ്രത്യേകം പ്രാധാന്യം നല്‍കികൊണ്ടാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. കേന്ദ്ര-സംസ്ഥാന ഫണ്ടുകളും, കെഎസ്ഡബ്ല്യു, എംപി, ശുചിത്വ മിഷന്‍, ധനകാര്യ കമ്മിഷന്‍ അവാര്‍ഡ്, ഹെല്‍ത്ത് ഗ്രാന്‍ഡ്, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ മുതലായ സ്രോതസ്സുകളില്‍ നിന്നുള്ള ഫണ്ടുകളും ക്രിയാത്മകമായി വിനിയോഗിക്കുന്ന തരത്തിലാണ് പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. 555811436 രൂപയുടെ കരട് പദ്ധതി രേഖയാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്. നഗരസഭാ കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴി നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമിക്ക് കരട് പദ്ധതി രേഖ കൈമാറി. ജനങ്ങള്‍ക്കുവേണ്ട എല്ലാ കാര്യങ്ങളിലും വികസനം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ചെയര്‍പേഴ്‌സണ്‍ ബീന ടോമി പറഞ്ഞു. സെമിനാറില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് നിര്‍വഹണ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.