സിഎസ്ആര്‍ ഫണ്ട് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ജില്ലയില്‍ പരാതിപ്രളയം
സിഎസ്ആര്‍ ഫണ്ട് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ജില്ലയില്‍ പരാതിപ്രളയം

ഇടുക്കി: സിഎസ്ആര്‍ ഫണ്ട് ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചും പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റ് ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്തും നടത്തിയ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ നിരവധി. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3.5 കോടി രൂപ കബളിപ്പിച്ച സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ നാല് കേസുകളും കമ്പംമെട്ട് സ്റ്റേഷനില്‍ 65 ലക്ഷം തട്ടിയതുസംബന്ധിച്ച് ഒരുകേസും 3 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച് വണ്ടന്‍മേട് സ്റ്റേഷനില്‍ ഒരുകേസും 60,000 രൂപ തട്ടിയ സംഭവത്തില്‍ കട്ടപ്പന സ്റ്റേഷനില്‍ ഒരുകേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രണ്ടാംഘട്ടമായി ജില്ലയില്‍നിന്ന് 36 കോടിയോളം രൂപയാണ് ബ്ലോക്ക് തലത്തില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴി പിരിച്ചെടുത്തത്. തട്ടിപ്പ് കേസില്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോ ഓര്‍ഡിനേറ്ററും സെക്രട്ടറിയുമായ തൊടുപുഴ കുടയത്തൂര്‍ ചൂരക്കുളങ്ങര അനന്തു കൃഷ്ണനെ(26) കഴിഞ്ഞദിവസം മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍, തയ്യല്‍ മെഷീന്‍, കാര്‍ഷികോപകരണങ്ങള്‍, ലാപ്‌ടോപ്, സ്‌കൂള്‍ കിറ്റ്, ഭക്ഷ്യക്കിറ്റ്, ജൈവവളം, കോഴിക്കൂട്, ബയോബിന്‍, ഫലവൃക്ഷതൈകള്‍, വാട്ടര്‍ പ്യൂരിഫയര്‍, വാട്ടര്‍ ടാങ്ക് എന്നിവയും തയ്യല്‍ പരിശീലനവും വാഗ്ദാനം ചെയ്താണ് ആളുകളില്‍നിന്ന് പണം വാങ്ങിയത്. അനന്തു കൃഷ്ണനും കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചുവന്നത്. ആളുകളില്‍ നിന്ന് വാങ്ങിയ പണം ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചതെന്നാണ് സീഡ് സൊസൈറ്റി ഭാരവാഹികള്‍ പറയുന്നത്. വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പിനിരയായവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചുതുടങ്ങി.
What's Your Reaction?






