മറയൂരില്‍ കരിമ്പ് കൃഷി കുറഞ്ഞു: വിലയിടിവും തമിഴ്‌നാട് ശര്‍ക്കരയുടെ വരവും കര്‍ഷകരെ വെട്ടിലാക്കുന്നു
മറയൂരില്‍ കരിമ്പ് കൃഷി കുറഞ്ഞു: വിലയിടിവും തമിഴ്‌നാട് ശര്‍ക്കരയുടെ വരവും കര്‍ഷകരെ വെട്ടിലാക്കുന്നു

ഇടുക്കി: കാര്‍ഷിക, വിപണന മേഖലകളിലെ പ്രതിസന്ധി മറയൂരിലെ കരിമ്പ് കൃഷിയേയും പ്രതികൂലമായി ബാധിക്കുന്നു. തൊഴിലാളികളുടെ ലഭ്യതക്കുറവും തമിഴ്‌നാട് ശര്‍ക്കരയുടെ വരവും വിലയിടിവും മണ്ണിന്റെ വളക്കൂറ് നഷ്ടമായതും പ്രതീക്ഷകള്‍ തകിടം മറിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മറയൂരില്‍ കരിമ്പ് കൃഷി ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞു. കരിമ്പ് കൃഷിയില്‍ നിന്ന് കര്‍ഷകര്‍ ഉല്‍പാദിപ്പിച്ചിരുന്ന മറയൂര്‍ ശര്‍ക്കരക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഭൗമ സൂചിക പദവി ലഭിച്ചിരുന്നു. കരിമ്പിന്‍ തോട്ടത്തില്‍ ജോലികള്‍ക്കായി തൊഴിലാളികളെ കിട്ടാനില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തമിഴ്നാട് ശര്‍ക്കരയുടെ കടന്നുവരവ് നിയന്ത്രിക്കാനാകാത്തതാണ് മറ്റൊരു പ്രതിസന്ധി. ഇതുമൂലം മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ വ്യാജ ശര്‍ക്കര വിപണിയില്‍ എത്തുന്നുവെന്നും ഇത് വിലയിടിവിനും യഥാര്‍ഥ ശര്‍ക്കരയുടെ വില്‍പ്പനക്കുറവിനും ഇടവരുത്തുന്നുണ്ട്. കാലാവസ്ഥ വ്യതിയാനമാണ് കരിമ്പ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു ഭീഷണി. മണ്ണിലെ വളക്കൂറ് നഷ്ടമായതും കാട്ടുമൃഗ ശല്യവും തിരിച്ചടിയാകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍കൊണ്ട് കരിമ്പ് കൃഷി ചെയ്തിരുന്ന കര്‍ഷകരില്‍ പലരും കൃഷിയില്‍നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. ഇതോടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് മറയൂരില്‍ കരിമ്പ് കൃഷി കുറഞ്ഞു. കരിമ്പ് കൃഷി ചെയ്തുപോന്നിരുന്ന ഭൂമി തരിശായി മാറുകയോ ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ഷകര്‍ കരിമ്പ് കൃഷിയില്‍നിന്ന് പിന്‍വാങ്ങും.
What's Your Reaction?






