കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ : വാഴത്തോപ്പ് മേഖലയിലെ ട്രാന്‍സ്‌ഫോമറുകള്‍ അപകടാവസ്ഥയില്‍
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ : വാഴത്തോപ്പ് മേഖലയിലെ ട്രാന്‍സ്‌ഫോമറുകള്‍ അപകടാവസ്ഥയില്‍

ഇടുക്കി:വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിന് സമീപമാണ് ട്രാന്‍സ്‌ഫോര്‍മറുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നത്. കാട്ടുവള്ളികള്‍ പടര്‍ന്നുകിടക്കുന്നത് ട്രാന്‍സ്‌ഫോര്‍മറിലും ഹൈവോള്‍ട്ടേജ് കേബിളുകളിലും ഷോര്‍ട്ട് സര്‍ക്യൂട്ടിനും തീപിടിത്തത്തിനും ഷോക്കേല്‍ക്കാനും കാരണമാകുന്നു. ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സ്ഥാപിച്ചിരുന്ന കമ്പിവേലി പഴകിയതും തുരുമ്പെടുത്ത സ്ഥിതിയിലുമാണ്. വളവോട് കൂടിയ റോഡില്‍ വാഹനങ്ങളെത്തുമ്പോള്‍ കാല്‍നടയാത്രികരും കുട്ടികളും ട്രാന്‍സ്‌ഫോര്‍മറിന്റെ സമീപത്തേക്ക് നീങ്ങുന്നതിനാല്‍ ഹൈടെന്‍ഷന്‍ വയറില്‍ നിന്ന് ഷോക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. പൈനാവ് സെക്ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള പല ട്രാന്‍സ്‌ഫോര്‍മറുകളുടെയും അവസ്ഥയിതാണ്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനും വൈദ്യുതി ലൈനിലേക്കുള്ള തടസങ്ങള്‍ നീക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറയുന്നതല്ലാതെ നടപടികള്‍ എങ്ങും എത്തുന്നില്ല. വാഴത്തോപ്പ് വഞ്ചിക്കവലയിലെ കെഎസ്ഇബി ഓഫീസിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍ പരിപാലിക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. പ്രദേശത്ത് സുരക്ഷ ബോര്‍ഡുകള്‍ വഴി അപകട മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാടുപടലങ്ങള്‍ കാരണം കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ജില്ലാഭരണകൂടം അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






