പണമില്ലാത്തതിനാല്‍ ഇനി ഉന്നത പഠനം മുടങ്ങില്ല: വിദ്യാര്‍ഥികളെ കൈപിടിക്കാന്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്' പദ്ധതി
പണമില്ലാത്തതിനാല്‍ ഇനി ഉന്നത പഠനം മുടങ്ങില്ല: വിദ്യാര്‍ഥികളെ കൈപിടിക്കാന്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്' പദ്ധതി

ഇടുക്കി: പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് തുടര്‍പഠനം മുടങ്ങിയ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്' പദ്ധതി. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് ഉന്നതപഠനത്തിന് അവസരമൊരുക്കുന്നു. തുടര്‍പഠനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കലക്ടര്‍ വി വിഗ്‌നേശ്വരി പറഞ്ഞു. സാമ്പത്തികപ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി സുമനസുകള്‍ക്ക് പദ്ധതിയില്‍ സ്‌പോണ്‍സര്‍മാരായി അണിചേരാം.
എങ്ങനെ അപേക്ഷിക്കാം
സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് idukki.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം. ലഭിക്കുന്ന അപേക്ഷകള്‍ അതാത് വില്ലേജ് ഓഫീസര്‍മാര്‍ വഴി വിശദമായ അര്‍ഹത പരിശോധനയ്ക്ക് വിധേയമാക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് സഹായം ഉറപ്പാക്കും.
സ്‌പോണ്‍സര്‍മാരാകാന്‍ അവസരം
പദ്ധതിയില്‍ വിദ്യാര്‍ഥികളുടെ സ്‌പോണ്‍സര്‍മാരായി ചേരാന്‍ അവസരമുണ്ട്. സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റിലൂടെ തന്നെ അപേക്ഷ നല്‍കാം. തുടര്‍ന്ന് ഇവരെ ജില്ലാ ഭരണകൂടം ബന്ധപ്പെടും. തിരഞ്ഞെടുക്കുന്ന സ്‌പോണ്‍സര്‍മാര്‍ കലക്ര്‍ക്ക് നേരിട്ടോ ഔദ്യോഗിക ഇമെയില്‍ വഴിയോ സമ്മതപത്രം സമര്‍പ്പിക്കണം. സ്‌പോണ്‍സര്‍മാരും വിദ്യാര്‍ഥികളും തമ്മിലുള്ള ഏകോപനം കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും. വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ മേധാവികളുമായി ജില്ലാ ഭരണകൂടം ബന്ധപ്പെടുകയും കോഴ്‌സ് ഫീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്‌പോണ്‍സര്‍മാരെ അറിയിക്കുകയും ചെയ്യും. തുടര്‍ന്ന്, കലക്ടര്‍, സ്‌പോണ്‍സര്‍, സ്ഥാപനമേധാവി, വിദ്യാര്‍ഥി എന്നിവര്‍ ചേര്‍ന്ന് ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കും. ഈ അക്കൗണ്ടിലൂടെയായിരിക്കും തുക കൈമാറ്റം. കൂടുതല്‍ വിവരങ്ങള്‍ക്ക് idukki.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
What's Your Reaction?






