വണ്ടിപ്പെരിയാറില്‍ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: മകന്‍ കസ്റ്റഡിയില്‍
വണ്ടിപ്പെരിയാറില്‍ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: മകന്‍ കസ്റ്റഡിയില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ വൃദ്ധനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുമുക്ക് പുതുപ്പറമ്പില്‍ വിഷ്ണുവാണ് കസ്റ്റഡിയില്‍. ഇയാളുടെ അച്ഛന്‍ മോഹനനെ ഞായറാഴ്ച വൈകിട്ട് 4ഓടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയം വിഷ്ണുവും അമ്മ കുമാരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ 2 പേരുംകൂടി അച്ഛനെ വിളിച്ചിട്ട് അനക്കമില്ലെന്ന് പറഞ്ഞ് അയല്‍വാസികളെ വിളിച്ചുവരുത്തുകയായിരുന്നു.
മേസ്തിരി പണിക്കാരനായ മോഹനന്‍ വെള്ളമുണ്ട് ഉടുത്താണ് കട്ടിലില്‍ കിടന്നിരുന്നത്. എന്നാല്‍ മുമ്പൊരിക്കലും വെള്ളമുണ്ട് ഉടുത്ത് മോഹനനെ നാട്ടുകാര്‍ കണ്ടിട്ടില്ല. മോഹനനെ കിടത്തിയിരുന്ന കട്ടിലിന്റെ ഭാഗത്ത് രക്തം കണ്ടതും സംശയത്തിനിടയാക്കി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ സുവര്‍ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ 10 ഓടെ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി തെളിവ് ശേഖരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും മുമ്പ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. രണ്ടുദിവസമായി മദ്യലഹരിയിലായ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മോഹനന്റെ സംസ്‌കാരം നടത്തി.
What's Your Reaction?






