ഉപ്പുതറയിലെ കെഎസ്ഇബി ഓഫീസ് പരിസരത്തുനിന്ന് വൈദ്യുതി കമ്പി മോഷ്ടിക്കാൻ ശ്രമം: കട്ടപ്പന സ്വദേശി അറസ്റ്റിൽ
ഉപ്പുതറയിലെ കെഎസ്ഇബി ഓഫീസ് പരിസരത്തുനിന്ന് വൈദ്യുതി കമ്പി മോഷ്ടിക്കാൻ ശ്രമം: കട്ടപ്പന സ്വദേശി അറസ്റ്റിൽ

ഇടുക്കി: കെഎസ്ഇബി ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരുന്ന വൈദ്യുതി കമ്പി മോഷ്ടിക്കാൾ ശ്രമിച്ചയാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കടമാക്കുഴി പുതുപറമ്പിൽ പി ഡി ആനന്ദൻ(59) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. റബർ ടാപ്പിങ്ങിനെത്തിയ ഉപ്പുതറ പ്ലാത്തറ മനോജാണ്, ആനന്ദൻ കമ്പി മോഷ്ടിക്കുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പകൽസമയങ്ങളിൽ പാഴ്‌വസ്തുക്കൾ ശേഖരിക്കാനെത്തുന്ന ആനന്ദൻ, രാത്രികാലങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് സാധനസാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽപ്പന നടത്തിവരികയായിരുന്നു. മുമ്പ് മേച്ചേരിക്കടയിൽ നിർമാണം പൂർത്തിയായ ശൗചാലയത്തിലാണ് ഇയാൾ മാസങ്ങളോളം താമസിച്ചത്. പിന്നീട് ശൗചാലയം തുറന്നതോടെ അയ്യപ്പൻകോവിൽ തൂക്കുപാലത്ത് നിർമാണം പൂർത്തിയായ ശൗചാലയത്തിലാണ് താമസിച്ചുവന്നത്. അടുത്തിടെ ഉപ്പുതറ മേഖലയിലെ വഴിവിളക്കുകളുടെ ബാറ്ററികൾ മോഷണംപോയിരുന്നു. ഇതിനുപിന്നിൽ ഇയാളാണോയെന്ന് പൊലീസിന് സംശയമുണ്ട്. എസ്‌ഐ കെ അനിലും സംഘവുമാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
What's Your Reaction?






