അടിമാലി മണ്ണിടിച്ചില്‍: വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

അടിമാലി മണ്ണിടിച്ചില്‍: വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

Mar 10, 2026 - 17:24
 0
അടിമാലി മണ്ണിടിച്ചില്‍: വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
This is the title of the web page

ഇടുക്കി: അടിമാലിയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിലെ ദുരിത ബാധിതര്‍ക്ക് ഒടുവില്‍ നിബന്ധനകളോടെ സര്‍ക്കാര്‍ സഹായം. ലക്ഷംവീട് നഗറില്‍ മലയിടിഞ്ഞ് നാശനഷ്ടം സംഭവിച്ച ദുരിത ബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സാമ്പത്തിക സഹായം അനുവദിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉപാധികളോടെയാവും സഹായം വിതരണം ചെയ്യുക. പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കും. പ്രത്യേക വ്യവസ്ഥകള്‍ പ്രകാരമാണ് സാമ്പത്തിക സഹായം നല്‍കുക. ദുരിത ബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പതിനായിരം രൂപ വീതം ഒറ്റത്തവണ ധനസഹായം അനുവദിക്കും. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായവും അനുവദിച്ചാണ് തീരുമാനമായിട്ടുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കി. വ്യവസ്ഥകള്‍ പ്രകാരം തുക അനുവദിക്കുന്നതിനായി ദുരന്ത ബാധിതരെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരില്‍ നല്‍കുന്ന മുറക്കാവും ധനസഹായ വിതരണം ഉണ്ടാകുക. വ്യവസ്ഥകള്‍ പ്രകാരം കുടുംബങ്ങള്‍ പഞ്ചായത്തിന് നിലവിലെ ഭൂമി വിട്ടുനല്‍കണം. ഈ വീടുകള്‍ക്ക് എന്തെങ്കിലും ഇന്‍ഷുറന്‍സ് തുക ലഭിക്കുകയാണെങ്കില്‍ പ്രസ്തുത തുക ഇന്‍ഷുറന്‍സില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരികെ ഈടാക്കും. ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക 10 ലക്ഷം രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ അധികം വരുന്ന തുക കുടുംബങ്ങള്‍ക്കും അല്ലാത്തപക്ഷം ലഭിക്കുന്ന തുക മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തിരികെ ഈടാക്കും. ഇന്‍ഷുറന്‍സ് തുക ലഭിക്കാത്ത സാഹചര്യത്തില്‍ ദേശീയപാതാ വിഭാഗം, കരാറുകാര്‍ എന്നിവരില്‍നിന്ന് തുക ഈടാക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നായിരുന്നു ലക്ഷംവീട് നഗറില്‍ മലയിടിഞ്ഞ് നാശനഷ്ടം സംഭവിച്ചത്. ദുരന്തത്തില്‍ 7 വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായി.ദുരന്തത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow