കട്ടപ്പന നഗരസഭ ബജറ്റ് ചര്‍ച്ചയില്‍ എല്‍ഡിഎഫ് പ്രതിഷേധം: ബജറ്റ് പാസാക്കി ഭരണപക്ഷം
കട്ടപ്പന നഗരസഭ ബജറ്റ് ചര്‍ച്ചയില്‍ എല്‍ഡിഎഫ് പ്രതിഷേധം: ബജറ്റ് പാസാക്കി ഭരണപക്ഷം
ഇടുക്കി: കട്ടപ്പന നഗരസഭ ബജറ്റ് ഭരണസമിതി പാസാക്കി. കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിയുടെ മറുപടി പ്രസംഗത്തിലെ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ബഹളത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച എല്‍ഡിഎഫ് ബഹിഷ്‌കരിച്ചു. ചെയര്‍പേഴ്‌സണ്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. കട്ടപ്പനയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന് ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. അതേസമയം നിര്‍മാണ നിരോധനം കട്ടപ്പനയുടെ വികസനത്തെ പിന്നോട്ടടിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രിയെ എക്കാലവും ഭരണസമിതി പരിഗണിച്ചിട്ടുണ്ട്. കൂടുതല്‍ വികസനത്തിനായി 2 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. കട്ടപ്പനയിലെ 3 വെല്‍നെസ് സെന്ററുകള്‍ക്ക് 1.65 കോടി അനുവദിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ആരോഗ്യ മേഖലയെ ചേര്‍ത്തുപിടിച്ച ബജറ്റാണിതെന്ന് കൗണ്‍സിലര്‍ അഡ്വ. കെ ജെ ബെന്നി പറഞ്ഞു. സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുക്കല്‍, ക്ഷീര മേഖല, വനിതാക്ഷേമം, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ഷീലോഡ്ജ് തുടങ്ങിയ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. കട്ടപ്പനയുടെ വികസനത്തിന് കുതിപ്പേകുന്ന ബജറ്റാണിതെന്ന് കൗണ്‍സിലര്‍ തോമസ് മൈക്കിള്‍ പറഞ്ഞു. താലൂക്ക് ആശുപത്രി വികസനത്തെ സംസ്ഥാന സര്‍ക്കാരാണ് അവഗണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റ് നിരാശ ജനകമാണെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ കെ പി സുമോദ് കുറ്റപ്പെടുത്തി. 10 വര്‍ഷം മുമ്പ് അവതരിപ്പിച്ച ബജറ്റിലെ അതേ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. നഗരസഭയുടെ തനതുവരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദീര്‍ഘവീക്ഷണമുള്ള പദ്ധതികളൊന്നും ഇത്തവണയില്ല. സംസ്ഥാന സര്‍ക്കാര്‍ കട്ടപ്പനയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളുടെ ചുവടുപിടിച്ചുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് യുഡിഎഫ് ഭരണസമിതി ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്തുവര്‍ഷമായി അധികാരത്തിലുള്ള യുഡിഎഫ് ഭരണസമിതി എല്ലാ ബജറ്റിലും പ്രഖ്യാപിക്കാറുള്ള സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുക്കല്‍ ഇത്തവണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ പ്രഥമ ബജറ്റ് മുതലുള്ള വാഗ്ദാനമാണിത്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടി ഇത്തവണയുമില്ല. കട്ടപ്പനയുടെ ടൂറിസം പ്രയോജനപ്പെടുത്തുന്ന പദ്ധതികളില്ലെന്ന് കൗണ്‍സിലര്‍മാരായ ടിജി എം രാജു, സി ആര്‍ മുരളി, ഷാജി കൂത്തോടിയില്‍, ബേബി കുര്യന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. കട്ടപ്പനയെ ടൂറിസം ഹബ്ബാക്കാന്‍ കല്യാണത്തണ്ട്, അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി 20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കല്യാണത്തണ്ട് ടൂറിസത്തിനായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ അടിസ്ഥാന സൗകര്യം പോലും ഒരുക്കാന്‍ കഴിയാത്ത നഗരസഭക്കെതിരെ പ്രതിഷേധം ശക്തമാണ്. യുവസംരംഭകരെ ആകര്‍ഷിക്കാനായി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളുമില്ല. മുന്‍വര്‍ഷങ്ങളിലെ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആവര്‍ത്തന ബജറ്റ് മാത്രമാണിതെന്നും എല്‍ഡിഎഫ് പറഞ്ഞു.
What's Your Reaction?