വാഹനാപകടങ്ങളുടെ വ്യാപ്തി കുറയ്ക്കുന്ന റോളര്‍ ക്രാഷ് ബാരിയറുകള്‍ തമിഴ്‌നാട്ടിലുണ്ട്. കേരളത്തിലും വേണ്ടേ നൂതന സുരക്ഷാ സംവിധാനങ്ങള്‍?
വാഹനാപകടങ്ങളുടെ വ്യാപ്തി കുറയ്ക്കുന്ന റോളര്‍ ക്രാഷ് ബാരിയറുകള്‍ തമിഴ്‌നാട്ടിലുണ്ട്. കേരളത്തിലും വേണ്ടേ നൂതന സുരക്ഷാ സംവിധാനങ്ങള്‍?

ഇടുക്കി: ഇടുക്കിയിലെ ദേശീയ, സംസ്ഥാന പാതകളില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ തൊട്ടടുത്ത തമിഴ്‌നാട്ടിലെ പാതകളില്‍ അപകടവ്യാപ്തി കുറയ്ക്കാന്‍ കഴിയുന്ന നൂതന രൂപകല്‍പ്പനയിലുള്ള റോളര്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചുതുടങ്ങി. അന്തര്‍സംസ്ഥാന പാതയായ കമ്പംമെട്ട്- കമ്പം റോഡിലെ ഹെയര്‍പിന്‍ വളവുകളിലും അപകടസാധ്യത മേഖലകളിലുമാണ് റോളര്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ശബരിമല തീര്‍ഥാടകര്‍ ഇടുക്കിയിലേക്ക് എത്തുന്ന പ്രധാനപാതയാണിത്. കൂടാതെ, ഏറ്റവും തിരക്കേറിയ അന്തര്‍ സംസ്ഥാനപാതയും. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിപ്ലവകരമായ സുരക്ഷാസംവിധാനമായ റോളര്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ ഗതാഗത അപകട മരണങ്ങള്‍ 95 ശതമാനം കുറയ്ക്കാനാകുമെന്ന് കരുതുന്നു. വാഹനം നിയന്ത്രണം നഷ്ടമായി ബാരിയറില്‍ ഇടിക്കുമ്പോള്‍ കറങ്ങുന്ന ബാരലുകള്‍ വാഹനത്തെ ട്രാക്കിലേക്ക് എത്തിക്കുന്നു. ഇതിലൂടെ ആഘാത ശക്തി കുറയുന്നതിനൊപ്പം കരുത്തുള്ള ബീമുകള്‍ വാഹനങ്ങളെ തടഞ്ഞുനിര്‍ത്തുന്നു. എത്തിലിന്‍ വിനൈല്‍ അസറേറ്റ്(ഇവിഎ), പോളിയുറിത്തീന്‍ എന്നീ സംയുക്ത പദാര്‍ഥകള്‍ കൊണ്ടുനിര്‍മിച്ചിരിക്കുന്ന റോളറുകള്‍ക്ക് ഇലാസ്തിക കൂടുതലാണ്. വാഹനങ്ങളുടെ കേടുപാടുകള്‍ ഉണ്ടാകുന്നത് കുറയാന്‍ സഹായിക്കും. ബാരലുകളുടെ തിളക്കമുള്ള മഞ്ഞനിറം ഡ്രൈവര്‍മാര്‍ക്ക് ദൂരെനിന്നുതന്നെ കാണാനാകുന്നത് അപകടസാധ്യത കുറയ്ക്കുന്നു.
കമ്പം-കമ്പംമെട്ട് പാതയിലെ 20 ഹെയര്‍ പിന്‍ വളവുകളില്‍ ഉള്‍പ്പെടെ 25 ഇടങ്ങളില്‍ റോളര്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് ദിവസവും ഈ റൂട്ടില്‍ ഇടുക്കിയിലെ തോട്ടങ്ങളില്‍ ജോലിക്കെത്തി തിരികെ മടങ്ങുന്നത്. കൂടാതെ പ്രതിദിനം അന്തര്‍സംസ്ഥാന പാതയിലൂടെ പതിനായിരക്കണക്കിന് വാഹനങ്ങളും കടന്നുപോകുന്നു. ഇവരുടെ സുരക്ഷ കണക്കിലെടുത്താണ് നൂതന സാങ്കേതിക വിദ്യ പാതയില്‍ സ്ഥാപിച്ചിരിക്കുന്നത്.
What's Your Reaction?






