കട്ടപ്പന-കമ്പം തുരങ്കപാത: സാധ്യത പഠനത്തിന് 10 കോടി രൂപ അനുവദിച്ചു
കട്ടപ്പന-കമ്പം തുരങ്കപാത: സാധ്യത പഠനത്തിന് 10 കോടി രൂപ അനുവദിച്ചു
ഇടുക്കി: കട്ടപ്പനയില്‍നിന്ന് കമ്പത്തേയ്ക്ക് ഒരു തുരങ്കപാത എന്നത് യാഥാര്‍ഥ്യമായാല്‍ അതൊരു ചരിത്രമാകും. ജില്ലയുടെ വികസനത്തെ ബഹുദൂരം മുമ്പോട്ടുനയിക്കുന്ന ഈ സ്വപ്ന പദ്ധതിയുടെ സാധ്യത പഠനത്തിനായി സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. പദ്ധതി യാഥാര്‍ഥ്യമായാല്‍
ഹൈറേഞ്ചിന്റെ ടൂറിസം മേഖല, സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ചരക്ക് ഗതാഗത രംഗത്ത് കുതിച്ച് ചാട്ടം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു പദ്ധതി കൂടിയായി ഇത് മാറും. ഇതോടൊപ്പം കട്ടപ്പനയെ ടൂറിസം ഹബ്ബാക്കി മാറ്റാന്‍ 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കും ഏറെ സഹായമാകുന്ന ഒന്നാണ്. ഈ തുരങ്കപാത യാഥാര്‍ഥ്യമായാല്‍ മൂന്നാര്‍, തേക്കടി, വാഗമണ്‍, ഇടുക്കി ടൂറിസം കേന്ദ്രങ്ങളുടെ വളര്‍ച്ചയ്ക്കും വലിയ കുതിപ്പേകും. കട്ടപ്പന പാറക്കടവ് കമ്പം ഒന്നാം വളവുവരെ ഭൂഗര്‍ഭപാത നിര്‍മിച്ചാല്‍ 12 കിലോമീറ്റര്‍ ദൂരമാണുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 490 മീറ്റര്‍ മാത്രം ഉയരത്തിലാണ് കമ്പം ടൗണ്‍ നില്‍ക്കുന്നത് കട്ടപ്പന നഗരം 870 മീറ്റര്‍ ഉയരത്തിലാണുള്ളത്. കമ്പവും കട്ടപ്പനയും തമ്മില്‍ ഉയര വ്യത്യാസം 270 മീറ്റര്‍ മാത്രമാണ്. 100 മീറ്റര്‍ പാത നിര്‍മിക്കുമ്പോള്‍ അഞ്ചുവരെ ചെരിവുണ്ടാകും എന്നതാണ് നിര്‍മാണത്തിന്റെ അന്തര്‍ദേശീയ മാനദണ്ഡം. കമ്പം തുരങ്ക പാത നിര്‍മിച്ചാല്‍ 2.5 മീറ്റര്‍ ചരിവ് മാത്രമേ ഉണ്ടാകു. ഇപ്പോള്‍ കമ്പത്ത് എത്താന്‍ 40 കിലോമീറ്റര്‍ ദൂരമാണ് കട്ടപ്പനയില്‍ നിന്നുള്ളത്. വയനാട്ടില്‍ ഇപ്പോള്‍ നിര്‍മിക്കുന്ന തുരങ്ക പാതയുടെ മാതൃകയില്‍ കട്ടപ്പന കമ്പം പാത നിര്‍മിക്കാനായാല്‍ ഹൈറേഞ്ചിന്റെ വികസന സാധ്യതകള്‍ തന്നെ വന്‍തോതില്‍ ഉയരും. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായി കാല്‍വരിമൗണ്ട് ചേര്‍ന്ന നവ ഇടുക്കി പുതുവഴികള്‍ എന്ന സെമിനാറില്‍ കട്ടപ്പന കമ്പം തുരങ്കപാതയുടെ സാധ്യത പഠനം നടത്തുന്നതിന് തീരുമാനിച്ചിരുന്നു. മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറിലാണ് നൂതന ആശയം ഉണ്ടായത്. ഇതോടൊപ്പം ജില്ലയുടെ വികസന സാധ്യതകള്‍ ബഹുദൂരം മുമ്പോട്ടുനയിക്കുന്ന അന്തര്‍ സംസ്ഥാന ഭൂഗര്‍ഭ നിര്‍മാണത്തിന് ഇടുക്കി ഗ്രീന്‍ ടൂറിസം കമ്പനിയുടെ നേതൃത്വത്തിലാണ് സാധ്യത പഠനം നടത്തിയത്. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രക്ഷാധികാരിയും റോമിയോ സെബാസ്റ്റ്യന്‍ ഉപരക്ഷാധികാരികയും ജയിന്‍ അഗസ്റ്റിന്‍ ചെയര്‍മാനും സിബി കൊല്ലംകുടിയില്‍ സെക്രട്ടറിയുമായി രൂപീകരിച്ച കമ്പനിയാണിത്. ഇടുക്കി ഗ്രീന്‍ ടൂറിസം കമ്പനി തയാറാക്കിയ രൂപരേഖയുമായി മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രിയെയും കാണുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം കട്ടപ്പന കല്യാണത്തണ്ട്, കാഞ്ചിയാര്‍, അഞ്ചുരുളി ടൂറിസം പദ്ധതിക്കായി 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
What's Your Reaction?