ക്രിസ്മസ്-പുതുവത്സര ദിനങ്ങളില്‍ വൈദ്യുതി മുടക്കരുത്: വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കി
ക്രിസ്മസ്-പുതുവത്സര ദിനങ്ങളില്‍ വൈദ്യുതി മുടക്കരുത്: വ്യാപാരി വ്യവസായി സമിതി നിവേദനം നല്‍കി
ഇടുക്കി: ക്രിസ്മസ് പുതുവത്സര അവധി ദിനങ്ങളില്‍ വൈദ്യുതി മുടക്കിയുള്ള അറ്റകുറ്റപ്പണികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കട്ടപ്പന കെഎസ്ഇബി ഓഫീസില്‍ നിവേദനം നല്‍കി. നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 20 മുതല്‍ 2026 ജനുവരി 2വരെ വൈദ്യുതി മുടക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാണമെന്ന് കെഎസ്ഇബി അധികൃതര്‍ ഉറപ്പ് നല്‍കി. നഗരത്തില്‍ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ വൈദ്യുതി ലൈന്‍ നവീകരണ ജോലികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി വൈദ്യുതി മുടക്കം പതിവായി. നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം കട്ടപ്പനയുടെ വ്യാപാര മേഖലയെ വലിയ പ്രതിസന്ധിയിലാക്കി. വ്യാപാര മേഖലയുടെ ഉണര്‍വിന്റെ നാളുകളാണ് ക്രിസ്മസ് പുതുവത്സര ദിനങ്ങള്‍. ഈ ദിനങ്ങളില്‍ വൈദ്യുതി മുടങ്ങിയാല്‍ വ്യാപാര മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് നിവേദനം കൈമാറിയത്. തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാര മേഖലക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. വൈദ്യുതി ലൈന്‍ നവീകരണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കരാര്‍ എടുത്തിരിക്കുന്ന കരാറുകാര്‍ കാലതാമസം വരുത്തുന്നതാണ് കാരണമെന്നാണ് ഉയരുന്ന പരാതി. കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.
What's Your Reaction?