വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ആശങ്കയോടെ മലയോര ജനത
വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ആശങ്കയോടെ മലയോര ജനത

ഇടുക്കി: വന്യ മൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലിറങ്ങുന്നത് ആശങ്കയോടെയാണ് ഇടുക്കിയിലെ മലയോര ജനത കാണുന്നത്. ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീടിനു നേരെയും ഇടമലകുടിയില്‍ പലചരക്കു സൊസൈറ്റിക്ക് നേരെയും ആക്രമണമുണ്ടായി. മൂന്നാര്‍ തലയാറില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു. സിങ്കുകണ്ടം സ്വദേശി കൂനംമാക്കല്‍ മനോജിന്റെ വീടിന്റെ മുന്‍ഭാഗത്തെ ഭിത്തിയില്‍ ആന കൊമ്പു കൊണ്ട് കുത്തി. ഭിത്തിക്ക് വിള്ളലുകള്‍ വീണു. മുറിയിലെ സീലിങ്ങും തകര്‍ന്നു. വീട്ടുകാര്‍ മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. ആനയുടെ ചിഹ്നം വിളി കെട്ടാണ് ഇവര്‍ ഉണര്‍ന്നത്. ഏതാനും ദിവസം മുന്‍പും സിങ്കുകണ്ടത്ത് ചക്കകൊമ്പന്‍ ഇറങ്ങിയിരുന്നു.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് കാട്ടാന കൂട്ടം ഇടമലകുടിയില്‍ ഇറങ്ങിയത്. വിവിധ കുടികളിലേക്ക് പലചരക്കു സാധനങ്ങളും ആവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനായി സൂക്ഷിക്കുന്ന സോസൈറ്റിക്ക് നേരെ കാട്ടാന കൂട്ടം ആക്രമണം നടത്തി. സാധനങ്ങള്‍ നശിപ്പിച്ചു. ദേവികുളം മേഖലയില്‍ ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് പടയപ്പ ഇറങ്ങിയത്. റോഡിലും പരിഭ്രാന്തി വിതച്ച് ആന നിലയുറപ്പിച്ചു. പുലര്‍ച്ചെയും തോട്ടം മേഖലയില്‍ പടയപ്പ നിലയുറപ്പിച്ചത് തോട്ടം തൊഴിലാളികള്‍ക് ജോലിക്ക് പോകുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിച്ചു. പ്രത്യേക ആര്‍ ആര്‍ ടി ടീം പടയപ്പയെ നിരീക്ഷിക്കുന്നുവെന്ന് വനം വകുപ്പ് വ്യക്തമാക്കുമ്പോഴാണ് ആന തുടര്‍ച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങുന്നത് .
തലയാറില്‍ കഴിഞ്ഞ ദിവസമാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ മുനിയാണ്ടിയുടെ പശുവിനെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. രണ്ട് മാസത്തിനിടെ അഞ്ച് പശുക്കളെ പുലി കൊലപ്പെടുത്തിയതായാണ് നാട്ടുകാര്‍ പറയുന്നത് . തുടര്‍ച്ചയായി വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാര്‍.
What's Your Reaction?






