മൂന്നാര്‍ ഗ്യാപ്പ് റോഡിലെ റിസോര്‍ട്ടില്‍നിന്ന് കാര്‍ മോഷ്ടിച്ചയാള്‍ ശാന്തന്‍പാറ പൊലീസ് പിടിയില്‍
മൂന്നാര്‍ ഗ്യാപ്പ് റോഡിലെ റിസോര്‍ട്ടില്‍നിന്ന് കാര്‍ മോഷ്ടിച്ചയാള്‍ ശാന്തന്‍പാറ പൊലീസ് പിടിയില്‍
ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡിലെ റിസോര്‍ട്ടില്‍നിന്ന് മോഷ്ടിച്ച കാറുമായി കടന്നുകളഞ്ഞ ജീവനക്കാരന്‍ പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സൈദ് മുഹമ്മദ് റഫീക്ക്(38) നെയാണ് രഹസ്യ നീക്കത്തിലൂടെ ശാന്തന്‍പാറ പൊലീസ് മധുരയില്‍നിന്ന് പിടികൂടിയത്. കഴിഞ്ഞ 13ന് രാത്രിയാണ് സംഭവം. റിസോര്‍ട്ടിലെ മറ്റ് ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും കണ്ണുവെട്ടിച്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. മോഷണത്തിന് തൊട്ടുപിന്നാലെ പ്രതി തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് പൊലീസിനെ ആദ്യഘട്ടത്തില്‍ വലിയ രീതിയില്‍ വട്ടംചുറ്റിച്ചു. ഫോണ്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ അന്വേഷണം സാധ്യമല്ലാതായതോടെ ശാന്തന്‍പാറ പൊലീസ് പരമ്പരാഗത അന്വേഷണ രീതികളിലേക്കും തമിഴ്നാട്ടിലെ തദേശീയ സ്രോതസുകളിലേക്കും ശ്രദ്ധ തിരിക്കുകയായിരുന്നു. മൂന്നാര്‍ ഡിവൈഎസ്പി ചന്ദ്രകുമാര്‍ എസിന്റെ നിര്‍ദേശാനുസരണം ശാന്തന്‍പാറ എസ്എച്ച്ഒ ശരലാല്‍ എസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ് എം, രമേഷ് ആര്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?