കട്ടപ്പനയില്‍ ബഹുജന സംഗമം നടത്തി
കട്ടപ്പനയില്‍ ബഹുജന സംഗമം നടത്തി
ഇടുക്കി: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് 'ഗാന്ധിജിയെ ഓര്‍ക്കാം, കേരളത്തെ കാക്കാം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റികള്‍ചേര്‍ന്ന് കട്ടപ്പനയില്‍ ബഹുജന സംഗമം നടത്തി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്നായി നിരവധിപേര്‍ അണിനിരന്നു. സംഘടനകള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച പ്രകടനം സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ച് ബഹുജന പ്രകടനമായി നഗരം ചുറ്റി ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. എസ്എഫ്ഐ മുന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് നിതീഷ് നാരായണന്‍ ഉദ്ഘാടനംചെയ്തു. ഗാന്ധിഘാതകര്‍ രാജ്യത്തിന്റെ ഭരണം കൈയാളുമ്പോള്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ പേര് പോലും തുടച്ചുനീക്കാന്‍ ശ്രമിച്ചുവരുന്നു. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഒരു പതിറ്റാണ്ടിലേറെയായി മോദി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഹിന്ദുരാഷ്ട്രമെന്ന ആര്‍എസ്എസ് പ്രഖ്യാപിത അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഇതിനോട് മൃദുസമീപമാണ് കോണ്‍ഗ്രസ് രാജ്യത്തുടനീളം സ്വീകരിക്കുന്നത്. അതേസമയം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയതയെ പുറത്താക്കി മതേതരത്വം സംരക്ഷിക്കുന്നു. പിണറായി സര്‍ക്കാരിനുകീഴില്‍ രാജ്യത്തിനുമാതൃകയായി കേരളം മാറിയതായും നിതീഷ് നാരായണന്‍ പറഞ്ഞു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് അധ്യക്ഷയായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്, നേതാക്കളായ സുമ സുരേന്ദ്രന്‍, തിലോത്തമ സോമന്‍, സഞ്ജീവ് സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?