മൃഗസംരക്ഷണ വകുപ്പ് ജില്ലാ നിര്‍വഹണ ഓഫീസ് കട്ടപ്പനയില്‍നിന്ന് മാറ്റാന്‍ നീക്കം: പ്രതിഷേധം ശക്തം: ഓഫീസ് നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ്
മൃഗസംരക്ഷണ വകുപ്പ് ജില്ലാ നിര്‍വഹണ ഓഫീസ് കട്ടപ്പനയില്‍നിന്ന് മാറ്റാന്‍ നീക്കം: പ്രതിഷേധം ശക്തം: ഓഫീസ് നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ്

ഇടുക്കി: മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ നിര്‍വഹണ ഓഫീസ് കട്ടപ്പനയില്‍നിന്ന് നെടുങ്കണ്ടത്തേയ്ക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ സേവനം നിരവധിയാളുകള്‍ പ്രയോജനപ്പെടുത്തുന്നതായും മാറ്റാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. 1991ലാണ് ഓഫീസ് കട്ടപ്പനയില്‍ ആരംഭിച്ചത്. മാര്‍ക്കറ്റിനുള്ളില്‍ നഗരസഭയുടെ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നാലുമാസം മുമ്പ് ജില്ലാ ഓഫീസര്‍ ഓഫീസ് നെടുങ്കണ്ടത്തേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയതായാണ് വിവരം. കട്ടപ്പനയില്‍ നിലവിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റുന്നത് നഗരത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കും. ഓഫീസ് നിലനിര്‍ത്താന്‍ നടപടി ഉണ്ടാകണമെന്ന് മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ സിജു ചക്കുംമൂട്ടില്‍ പറഞ്ഞു. ഓഫീസ് മാറ്റാനുള്ള കാരണമായി പറയുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണെന്നാണ്. എന്നാല്‍ ഇതുസംബന്ധിച്ച് കൃത്യമായ വിവരം നഗരസഭയെ അറിയിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന്റെ പ്രൊജക്ട് ഓഫീസും പ്രത്യേക കന്നുകുട്ടി പരിപാലന പരിപാടിയുടെ ജില്ലാതല നിര്‍വഹണ ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 9 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. സ്പെഷ്യല്‍ ലൈവ് സ്റ്റോക്ക് ബ്രീഡിങ്ങും ആപ്കോസ് വഴിയുള്ള കേരള ഫീഡ്സ് കാലിത്തീറ്റയുടെ വിതരണവും ഓഫീസിന്റെ മേല്‍നോട്ടത്തിലാണ്.
What's Your Reaction?






