മൂന്നാറില്‍ വന്യജീവി ആക്രമണം രൂക്ഷം: അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍
മൂന്നാറില്‍ വന്യജീവി ആക്രമണം രൂക്ഷം: അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍
ഇടുക്കി: മൂന്നാര്‍ മേഖലകളില്‍ വന്യജീവി ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മേഖലയില്‍ അഞ്ച് പശുക്കളാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പശുക്കളുടെ നില ഗുരുതരമാണ്. സൈലന്റ് വാലി, ഗുണ്ടുമല, ദേവികുളം മേഖലകളിലാണ് ആക്രമണം ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തെന്മലയില്‍ രണ്ടും ദേവികുളത്ത് രണ്ടും പശുക്കളെ വന്യജീവി ആക്രമിച്ചു കൊന്നു. ചൊവ്വാഴ്ച രാവിലെ സൈലന്റ് വാലിയിലാണ് ഒരെണ്ണത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തോട്ടം ജോലിക്കൊപ്പം പശു വളര്‍ത്തല്‍ നടത്തി ജീവിതമാര്‍ഗം കണ്ടെത്തുന്ന എസ്റ്റേറ്റ് തൊഴിലാളികളാണ് ഇതോടെ ദുരിതത്തിലായത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് പുറമെ പ്രദേശവാസികളുടെ ജീവനും ഭീഷണിയുയര്‍ന്നിട്ടുണ്ട്. തോട്ടം തൊഴിലാളികളും സ്‌കൂള്‍ വിദ്യാര്‍ഥികളും ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. വന്യജീവി ആക്രമണം കടുത്തതോടെ വനംവകുപ്പ് മേഖലയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് ഭീതി പരത്തുന്ന വന്യജീവിയെ എത്രയുംവേഗം കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?