അനധികൃത ഫെന്‍സിങ് പൊളിക്കല്‍ ഫലംകണ്ടു: കാട്ടാനകള്‍ വനത്തിലേക്ക് മടങ്ങി: മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ വനംവകുപ്പിന്റെ കര്‍മപദ്ധതി
അനധികൃത ഫെന്‍സിങ് പൊളിക്കല്‍ ഫലംകണ്ടു: കാട്ടാനകള്‍ വനത്തിലേക്ക് മടങ്ങി: മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ വനംവകുപ്പിന്റെ കര്‍മപദ്ധതി
ഇടുക്കി: മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ സമഗ്ര കര്‍മപദ്ധതിയുമായി വനംവകുപ്പ്. ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ ഇറങ്ങുന്നത് തടയാന്‍ തോട്ടം മേഖലകളിലെ അനധികൃത വേലികള്‍ നീക്കി പരമ്പരാഗത 'ആനത്താരകള്‍' പുനഃസ്ഥാപിക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള എര്‍ലി വാണിങ് സംവിധാനം വിപുലീകരിക്കുന്നതിനൊപ്പം വന്യമൃഗ ഭീഷണിയുള്ള ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്.
'ലാന്‍ഡ്സ്‌കേപ്പ്' അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് തയാറാക്കാനൊരുങ്ങുന്നത്. അനധികൃത ഫെന്‍സിങ്ങുകളും നിര്‍മാണങ്ങളും കാട്ടാനകള്‍ വഴിതിരിഞ്ഞ് ജനവാസ മേഖലകളിലേക്ക് എത്താന്‍ കാരണമാകുന്നതായാണ് വനപാലകരുടെ കണ്ടെത്തല്‍. വര്‍ഷങ്ങളായി ആനകള്‍ സഞ്ചരിച്ചിരുന്ന സ്വാഭാവിക പാതകള്‍ അടഞ്ഞതോടെ ഇവ മറ്റ് വഴികള്‍ തേടി നാട്ടിലിറങ്ങി ഭീതി വിതയ്ക്കുന്നു. ഇടുക്കി ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ അനധികൃത ഫെന്‍സിങ്ങുകള്‍ നീക്കിയത് വലിയ ഫലം കണ്ടതായാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. മുമ്പ് നാട്ടിലിറങ്ങി ഭീതി പരത്തിയിരുന്ന 'ചക്കക്കൊമ്പന്‍', 'മുറിവാലന്‍' തുടങ്ങിയ കാട്ടാനകള്‍ സ്വാഭാവിക സഞ്ചാരപാതകള്‍ തിരികെ ലഭിച്ചതോടെ മതിക്കെട്ടാന്‍ചോല ദേശീയോദ്യാന മേഖലയിലേക്ക് മടങ്ങിത്തുടങ്ങി.
ജനപ്രതിനിധികള്‍, തോട്ടം ഉടമകള്‍, ടൂറിസം മേഖലയിലെ പ്രതിനിധികള്‍ എന്നിവരുമായി വിപുലമായ യോഗം ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ടൂറിസം മേഖലകളില്‍ ആളുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, അപകടസാധ്യതയുള്ള വനമേഖലകളിലേക്ക് സഞ്ചാരികള്‍ എത്തുന്നതിന് വ്യക്തമായ നിയന്ത്രണങ്ങള്‍ വരും. അതേസമയം, സ്വാഭാവിക പാതകള്‍ തുറന്നുനല്‍കിയിട്ടും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന കാട്ടാനകളെ മയക്കുവെടിവച്ച് പിടികൂടി മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും വനപാലകര്‍ പറയുന്നു.
What's Your Reaction?