ചക്കക്കൊമ്പന്‍ ദൗത്യത്തിന് ഒരുക്കം തുടങ്ങി: തിങ്കളാഴ്ച കുങ്കിയാനകള്‍ എത്തും
ചക്കക്കൊമ്പന്‍ ദൗത്യത്തിന് ഒരുക്കം തുടങ്ങി: തിങ്കളാഴ്ച കുങ്കിയാനകള്‍ എത്തും
ഇടുക്കി: അപകടകാരിയായ കാട്ടുകൊമ്പന്‍ ചക്കക്കൊമ്പനെ മയക്കുവെടി വച്ചുപിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കാട്ടാനയെ തളയ്ക്കാനായുള്ള കുങ്കിയാനകളെ തിങ്കളാഴ്ച ചിന്നക്കനാലില്‍ എത്തിക്കും. അതേസമയം നിരന്തരം ആക്രമണം നടത്തുന്ന ചക്കക്കൊമ്പനെ ചിന്നക്കനാലില്‍നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സെപ്റ്റംബര്‍ 23ന് പന്തടികളത്ത് വിജയന്‍ എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടതോടെയാണ് ചക്കക്കൊമ്പനെ ഇവിടെനിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ന്നത്. എന്നാല്‍ കാട് മാറ്റുന്നതിനെതിരെ ചില എന്‍ജിഒകള്‍ കോടതിയെ സമീപിച്ചതോടെ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കാന്‍ തീരുമാനിച്ചു. വനംവകുപ്പിലെ നാല് വെറ്ററിനറി സര്‍ജന്‍മാരുടെയും ഹൈറേഞ്ച് സിസിഎഫ്, മൂന്നാര്‍ ഡിഎഫ്ഓ എന്നിവരുടെയും നേതൃത്വത്തിലാണ് ദൗത്യം നടക്കുക. ഇതിനായി കുങ്കിയാനകളായ വിക്രമിനെയും ഭരത്തിനെയും ചിന്നക്കനാലില്‍ എത്തിക്കും. ഇവര്‍ക്കായി പ്രത്യേക താവളമൊരുക്കും.
അരിക്കൊമ്പനെ പിടികൂടിയ മേഖലയില്‍ തന്നെയാണ് ചക്കകൊമ്പന്‍ ദൗത്യവും ഒരുങ്ങുന്നത്. ആനയെ ഏതാനും ദിവസം നിരീക്ഷിച്ചശേഷം ആരോഗ്യം, കാലാവസ്ഥ, പ്രദേശത്തിന്റെ പ്രത്യേകത എന്നിവ കൂടി കണക്കിലെടുത്ത് ദൗത്യം നടപ്പാക്കും.
അതേസമയം അപകടകാരിയായ കാട്ടാനയെ ജനവാസ മേഖലയില്‍ നിലനിര്‍ത്തുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിച്ചാലും ജനവാസ, കാര്‍ഷിക മേഖലയില്‍ എത്തുന്നത് തടയാനാകില്ലെന്നും കൂടുതല്‍ ആക്രമണങ്ങള്‍ക്കിടയാക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
What's Your Reaction?