കട്ടപ്പന നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു: വികസന ഫണ്ട് വെട്ടിക്കുറച്ചത് ചര്‍ച്ചയായി
കട്ടപ്പന നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു: വികസന ഫണ്ട് വെട്ടിക്കുറച്ചത് ചര്‍ച്ചയായി
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം 2026-27 വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കുന്നതിനായി കട്ടപ്പന നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു. വികസന ഫണ്ടില്‍ വന്‍ കുറവ് വന്നതിനെ തുടര്‍ന്നുള്ള നടപടികളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയോടും നിര്‍ദേശങ്ങളോടും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സംസ്ഥാന ബജറ്റില്‍ നഗരസഭയ്ക്ക് വികസന ഫണ്ട് ഇനത്തില്‍ 6,55,04,000 അനുവദിച്ചിരുന്നെങ്കിലും റിവൈസ്ഡ് ബജറ്റും നിലവിലെ വാലിഡേഷന്‍ വിവരങ്ങളും പ്രകാരം 2026-27 വാര്‍ഷിക പദ്ധതിക്കായി ലഭ്യമായ തുക 1,81,62,798 മാത്രമാണ്. വികസന ഫണ്ടില്‍ 4,73,41,202 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതികളുടെ അടങ്കല്‍ തുക കുറയ്ക്കുകയോ ചിലത് ഒഴിവാക്കുകയോ ചെയ്ത് വാര്‍ഷിക പദ്ധതി പരിഷ്‌കരിക്കാനുള്ള നടപടികള്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.
ഫണ്ട് വെട്ടിക്കുറച്ചത് കുടിവെള്ള പദ്ധതികള്‍, റോഡ് നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തെ ബാധിക്കുമെന്നും പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍, നല്‍കാന്‍ കഴിയുന്ന ഫണ്ട് മാത്രമാണ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതെന്നും മുന്‍ സര്‍ക്കാരുകളെപ്പോലെ കരാറുകാരെയും തദ്ദേശ സ്ഥാപനങ്ങളെയും കബളിപ്പിക്കുന്ന സമീപനമല്ല സര്‍ക്കാരിന്റേതെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. യാഥാര്‍ഥ്യബോധത്തോടും സാമ്പത്തിക അച്ചടക്കത്തോടും കൂടിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലഭ്യമായ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നതിനെ തുടര്‍ന്ന് വാര്‍ഷിക പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികള്‍ കൗണ്‍സില്‍ പരിഗണിച്ചു.
What's Your Reaction?