കട്ടപ്പനയില്‍ സെന്‍സസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു
കട്ടപ്പനയില്‍ സെന്‍സസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു
ഇടുക്കി: സെന്‍സസ് വിവരശേഖരണത്തിനിടെ കട്ടപ്പനയില്‍ അധ്യാപികയ്ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. വെള്ളയാംകുടി സെന്റ് ജേറോംസ് യുപി സ്‌കൂളിലെ അധ്യാപികയും പുളിയന്മല വാഴച്ചാരി സ്വദേശിനിയുമായ ജിഷാ പി മാണിക്കാണ് പരിക്കേറ്റത്. കട്ടപ്പന ഇടുക്കിക്കവല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപമുള്ള വീട്ടില്‍ വെച്ചാണ് സംഭവം. വീട്ടില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ പിന്നിലൂടെയെത്തിയ വളര്‍ത്തുനായ അധ്യാപികയെ ആക്രമിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറിയ അധ്യാപികയെ വീട്ടുടമസ്ഥനെത്തിയാണ് നായുടെ പിടിയില്‍നിന്ന് മോചിപ്പിച്ചത്. ആക്രമണത്തില്‍ കാലില്‍ പല്ല് ആഴത്തില്‍ ഇറങ്ങി മുറിവേറ്റു. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ അധ്യാപികയോട് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചു.
സെന്‍സസ് ഡ്യൂട്ടിക്കായി വീടുകളിലെത്തുന്ന ജീവനക്കാരും അധ്യാപകരും നേരിടുന്ന ഇത്തരം ഭീഷണികള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം വരും ദിവസങ്ങളില്‍തന്നെ തന്റെ ഡ്യൂട്ടി പൂര്‍ണമായും നിറവേറ്റുമെന്ന് അധ്യാപിക ജിഷാ പി മാണി പറഞ്ഞു.
What's Your Reaction?