എം സി കട്ടപ്പന ഒന്നാം ചരമ വാര്‍ഷികാചരണം മെയ് 14ന്
എം സി കട്ടപ്പന ഒന്നാം ചരമ വാര്‍ഷികാചരണം മെയ് 14ന്

ഇടുക്കി: അന്തരിച്ച നാടകാചാര്യന്‍ എം സി കട്ടപ്പനയുടെ ഒന്നാം ചരമവാര്‍ഷിക ആചരണം മെയ് 14ന് കട്ടപ്പനയില്‍ വിപുലമായി ആചരിക്കാന്‍ തീരുമാനം. ഇതിന് മുന്നോടിയായി വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം കട്ടപ്പനയില്‍ ചേര്‍ന്നു. എം സി യുടെ സംഭാവനകള്‍ രേഖപ്പെടുത്തിയ ഓര്‍മ പുസ്തകത്തിന്റെ പ്രകാശനം, അനുസ്മരണ പ്രഭാഷണം, കട്ടപ്പന ദര്‍ശനയുടെ നാടകമായ സെനീബിന്റെ അവതരണം എന്നിവ ഇതിന്റെ ഭാഗമായി നടത്തും. 30ലേറെ പ്രൊഫഷണല്‍ നാടകങ്ങളിലായി 7000ലേറെ വേദികളില്‍ എം സി കട്ടപ്പന അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കാഴ്ച, പളുങ്ക്, നായകന്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 2007-ല്‍ കൊല്ലം അരീനയുടെ 'ആരും കൊതിക്കുന്നമണ്ണ്' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കട്ടപ്പന പ്രസ് ക്ലബ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ അഡ്വ കെ.ജെ. ബെന്നി, കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാ-സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






