കാഞ്ചിയാര്‍ പഞ്ചായത്തിന് 39.89 കോടിയുടെ ബജറ്റ്
കാഞ്ചിയാര്‍ പഞ്ചായത്തിന് 39.89 കോടിയുടെ ബജറ്റ്
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിന് പുതിയ ഷോപ്പിങ് കോംപ്ലക്‌സ്, കായിക മേഖലയ്ക്കായി പള്ളിക്കവലയില്‍ ടര്‍ഫ് നിര്‍മാണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി കാഞ്ചിയാര്‍ പഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് സെലിന്‍ തോമസിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അവതരിപ്പിചച്ചു. 39,89,59,400 കോടി രൂപ വരവും 39,50,59,000 കോടി രൂപ ചെലവും 3,90,400 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കൃഷി അനുബന്ധ മേഖലകള്‍, പ്രാദേശിക സാമ്പത്തിക വികസനം, നൈപുണ്യ വികസനം, മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുകയും സുസ്ഥിര വികസനത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്. കൃഷി, ആരോഗ്യം, യുവജനക്ഷേമം, ടൂറിസം, വനിതകള്‍, വൃദ്ധജനങ്ങള്‍, ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, കുട്ടികള്‍, അഗതികള്‍ എന്നീ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, വീട് അറ്റകുറ്റപ്പണി, സമ്പൂര്‍ണ ശുചിത്വ പദ്ധതി, ആതി ദരിദ്രരുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ എന്നിവയ്ക്കും അങ്കണവാടിയിലെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കരുതലായി പോഷകാഹാരവും ക്ഷീര മേഖലയ്ക്കും മൃഗസംരക്ഷണത്തിനും സഹായം ഏകുന്ന പദ്ധതികള്‍ക്കും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും വൃദ്ധ ക്ഷേമത്തിനായും വിവിധ സാമൂഹിക സേവന പെന്‍ഷനുകള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയുടെ നിര്‍മാണത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയില്‍ തന്നെ കാഞ്ചിയാര്‍ പള്ളിക്കവലയില്‍ ടര്‍ഫ് നിര്‍മാണത്തിന് തുക വകയിരുത്തിയിട്ടുണ്ട്. മേപ്പാറ കളിക്കളം വൈദ്യുതീകരണം തുടങ്ങിയവയും കര്‍ഷകര്‍ക്ക് രാസവള വിതരണം, മഴവെള്ള സംഭരണി നിര്‍മാണം, പോത്തിന്‍കുട്ടി വിതരണം, മുട്ടക്കോടി വിതരണം, വൃദ്ധര്‍ക്ക് ബെഡ് വിതരണം, വയോജനങ്ങള്‍ക്ക് ഉല്ലാസയാത്ര, വിവിധ ഘടക സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റിങ് ക്യാമ്പ്, കുടിവെള്ളം ലഭ്യമാക്കല്‍, റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്ക് പ്രധാനമായും തുക വകയിരുത്തിയിട്ടുണ്ട്. അങ്കണവാടികള്‍, ഫാമിലി ഹെല്‍ത്ത് സെന്റര്‍, ആയുര്‍വേദ ആശുപത്രി, ഹോമിയോ ആശുപത്രി, മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളുടെ പരിപാലനത്തിലും വാര്‍ഷിക അറ്റകുറ്റപ്പണിക്കും വകയിരുത്തി. പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?