ശാന്തന്‍പാറയില്‍ വീണ്ടും കാട്ടാന ഭീതി: ആനയിറങ്കലില്‍ ചക്കകൊമ്പന്‍ റേഷന്‍ കട തകര്‍ത്തു
ശാന്തന്‍പാറയില്‍ വീണ്ടും കാട്ടാന ഭീതി: ആനയിറങ്കലില്‍ ചക്കകൊമ്പന്‍ റേഷന്‍ കട തകര്‍ത്തു
ഇടുക്കി: ശാന്തന്‍പാറ ആനയിറങ്കലില്‍ വീണ്ടും കാട്ടാന ഭീതി. പ്രദേശത്ത് ഭീതി വിതയ്ക്കുന്ന ചക്കകൊമ്പന്‍ റേഷന്‍ കട തകര്‍ത്തു. തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് ഈ റേഷന്‍ കടയ്ക്ക് നേരെ കാട്ടാന ആക്രമണമുണ്ടാകുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30-നാണ് സംഭവം. കടയുടെ വാതിലും ഭിത്തിയും തകര്‍ത്ത ആന അകത്തുണ്ടായിരുന്ന അരിയും ആട്ടയും തിന്നാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് പ്രദേശവാസികള്‍ തടിച്ചുകൂടി ബഹളം വെച്ചതോടെയാണ് കാട്ടാന പിന്‍വാങ്ങിയത്. വ്യാഴാഴ്ച രാത്രി 9.30ഓടെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ആനയെ തുരത്തിയത്. എന്നാല്‍ അധികം വൈകാതെ പുലര്‍ച്ചെയോടെ വീണ്ടുമെത്തി ആക്രമണം നടത്തുകയായിരുന്നു. റേഷന്‍ കട കൂടാതെ തൊഴിലാളി ലയത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കടയ്ക്ക് നേരെയും ആക്രമണമുണ്ടായി. നിരന്തരം കാട്ടാന ശല്യമുണ്ടാകുന്ന ആനയിറങ്കലില്‍ വനംവകുപ്പിന്റെയോ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെയോ കൃത്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. റേഷന്‍ കട 12 തവണ തകര്‍ക്കപ്പെട്ടിട്ടും ശാശ്വതമായ ഒരു സുരക്ഷാ സംവിധാനമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വലിയൊരു ദുരന്തത്തിന് കാത്തുനില്‍ക്കാതെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?