കൊച്ചി-നുഷ്‌കോടി ദേശീയപാതയിലെ ഡിവൈഡര്‍ നിര്‍മാണം: അടിമാലിയില്‍ ജനകീയ സമിതി പ്രതിഷേധ പ്രകടനം നടത്തി
കൊച്ചി-നുഷ്‌കോടി ദേശീയപാതയിലെ ഡിവൈഡര്‍ നിര്‍മാണം: അടിമാലിയില്‍ ജനകീയ സമിതി പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിമാലി ടൗണിലെ ഡിവൈഡറുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അശാസ്ത്രീയമായ ഡിവൈഡര്‍ നിര്‍മാണം ടൗണിലെ വ്യാപാരികള്‍ക്കും ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്കും യാത്രാക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ടൗണിന്റെ വികസനത്തിന് മാറ്റുകൂട്ടുന്ന രീതിയിലാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി നാലുവരിപ്പാത നിര്‍മാണം ആരംഭിച്ചത്. വ്യാപാരികളും പ്രദേശവാസികളും ജനപ്രതിനിധികളും പ്രതീക്ഷയോടെയാണ് വികസനപ്രവര്‍ത്തനങ്ങളെ സ്വീകരിച്ചത്. എന്നാല്‍, നിലവിലെ ഡിവൈഡറുകളുടെ നിര്‍മാണത്തോടെ ടൗണില്‍ നാല് ഭാഗങ്ങളില്‍ മാത്രമാണ് റോഡിന്റെ ഇരുവശങ്ങളിലേക്കും കടക്കാനുള്ള ക്രോസിങ് സംവിധാനമുള്ളത്. ഇത് വ്യാപാരികളെയും ഡ്രൈവര്‍മാരെയും ദിവസേന ടൗണിനെ ആശ്രയിക്കുന്നവരെയും ഒരുപോലെ വലയ്ക്കുകയാണ്. നാടിന്റെ വികസനത്തിന് തടസം നില്‍ക്കുകയല്ല, മറിച്ച് അശാസ്ത്രീയമായ നിര്‍മാണത്തിനെതിരെയാണ് പ്രതിഷേധമെന്ന് പഞ്ചായത്തംഗം ജോയ്‌സ് വെളിയത്ത് പറഞ്ഞു. ടൗണിലെ വികസനം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത രീതിയിലാകണമെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ജനകീയ സമിതിയുടെ ആവശ്യം.
What's Your Reaction?