ഇഎസ്എ കരടുവിജ്ഞാപനം: കേന്ദ്രത്തിന് കത്തയച്ച് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
ഇഎസ്എ കരടുവിജ്ഞാപനം: കേന്ദ്രത്തിന് കത്തയച്ച് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
ഇടുക്കി: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്തെ 131 വില്ലേജുകള്‍ ഉള്‍പ്പെട്ട ഗുരുതര സാഹചര്യം അടിയന്തരമായി ചര്‍ച്ച ചെയ്ത് ശാശ്വത പരിഹാരം കാണണമെന്ന് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇഎസ്എ പരിധിയില്‍നിന്ന് കട്ടപ്പന വില്ലേജിനെ പൂര്‍ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു. വ്യാപാരികള്‍ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രകടനമായി എത്തിയാണ് കത്തുകള്‍ അയച്ചത്. 2026 ജൂലൈ 27ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാന്‍ സെപ്റ്റംബര്‍ 25 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഉമ്മന്‍ വി ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് വിജ്ഞാപനത്തിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ 2024 മേയ് 13ന് സമര്‍പ്പിച്ച ശുപാര്‍ശകള്‍ പരിഗണിക്കാതെയാണ് കേന്ദ്രം കരട് പുറത്തിറക്കിയിരിക്കുന്നത്. വനമേഖലയ്ക്ക് പുറത്ത് ഇഎസ്എ ആവശ്യമില്ലെന്നിരിക്കെ, കേരളത്തിന്റെ പരിസ്ഥിതി ലോല പ്രദേശം വനമേഖലയില്‍ മാത്രമായി നിജപ്പെടുത്തണമെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷമേ അന്തിമ വിജ്ഞാപനം ഇറക്കാവൂവെന്ന് ഉറപ്പുവരുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ജില്ലാ സെക്രട്ടറി ഷമേജ് കെ ജോര്‍ജ്, യൂത്ത് വിങ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍, വനിതാ വിംഗ് പ്രസിഡന്റ് റോസമ്മ മൈക്കിള്‍, സാജു പട്ടരുമഠം, അനില്‍ പുനര്‍ജനി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?