കെ സി നാടകപ്രതിഭ പുരസ്‌കാരം ജോസഫ് ചിലമ്പന്: കെ സി ജോര്‍ജ് ചരമവാര്‍ഷിക ദിനാചരണവും പുരസ്‌കാര വിതരണവും 23ന് കട്ടപ്പനയില്‍
കെ സി നാടകപ്രതിഭ പുരസ്‌കാരം ജോസഫ് ചിലമ്പന്: കെ സി ജോര്‍ജ് ചരമവാര്‍ഷിക ദിനാചരണവും പുരസ്‌കാര വിതരണവും 23ന് കട്ടപ്പനയില്‍
ഇടുക്കി: സംസ്ഥാന നാടക പുരസ്‌കാര ജേതാവും തിരക്കഥാകൃത്തുമായ കെ സി ജോര്‍ജിന്റെ രണ്ടാമത് ചരമവാര്‍ഷിക ദിനാചരണവും കെ സി നാടകപ്രതിഭ പുരസ്‌കാര സമര്‍പ്പണവും 23ന് വൈകിട്ട് അഞ്ചിന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കും. ജില്ലയിലെ മുതിര്‍ന്ന നാടക- ചലച്ചിത്ര നടന്‍ ജോസഫ് ചിലമ്പന് 10,001 രൂപയും ഉപഹാരവുമടങ്ങുന്ന പുരസ്‌കാരം നാടക- സിനിമ നടന്‍ രാജേഷ് ശര്‍മ സമ്മാനിക്കും. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ഹേമന്തകുമാര്‍ കെ സി അനുസ്മരണ പ്രഭാഷണം നടത്തും. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാര്‍ ജേതാവ് മോബിന്‍ മോഹന്റെ പുതിയ കഥാസമാഹാരം 'അമര്‍ഷ നഗരം' പ്രകാശനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വള്ളുവനാട് ബ്രഹ്‌മയുടെ 'പകലില്‍ മറഞ്ഞിരുന്നൊരാള്‍' എന്ന നാടകവും അരങ്ങേറും.
രണ്ടുതവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ കെ സി ജോര്‍ജ് 2024 സെപ്റ്റംബര്‍ 23നാണ് അന്തരിച്ചത്. നാടക -സീരിയല്‍ രംഗത്ത് സജീവമായി നില്‍ക്കുമ്പോഴായിരുന്നു ആകസ്മിക വേര്‍പാട്. കെ സി സൗഹൃദ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഇ ജെ ജോസഫ്, ജനറല്‍ കണ്‍വീനര്‍ എം സി ബോബന്‍, ഭാരവാഹികളായ മോബിന്‍ മോഹന്‍, സിജു ചക്കുംമൂട്ടില്‍, റോയി വര്‍ഗീസ്, നന്ദന്‍ മേനോന്‍, ജയ്ബി ജോസഫ്, പി ബി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പുരസ്‌കാരം നടന്‍ ജോസഫ് ചിലമ്പന്
1970ല്‍ ചെറുപ്രായത്തില്‍ അമച്വര്‍ നാടകങ്ങളില്‍ അഭിനയം തുടങ്ങിയ ഇടുക്കി കഞ്ഞിക്കുഴിയായ ജോസഫ് ചിലമ്പന് 1981ല്‍ പ്രൊഫഷണല്‍ നാടകവേദിയിലെത്തി. 40വര്‍ഷത്തിലേറെയായി നാടകരംഗത്തും 10 വര്‍ഷമായി സിനിമയിലും സജീവമാണ്. മലയാള നാടകരംഗത്ത മുതിര്‍ന്ന അഭിനേതാക്കളിലൊരാളാണ്. ക്രാക്കത്തുവ, ശിബിരം, ഹൃദയം ദേവാലയം, രാജ്യം ശക്തി മഹത്വം എന്നീ ആദ്യകാലനാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായി. ആറ്റിങ്ങല്‍ ദേശാഭിമാനിയുടെ 'കൊടുങ്കാറ്റൂതിയ ഗ്രാമ'ത്തിലൂടെയാണ് പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായി. കൊച്ചിന്‍ സംഗമിത്ര, ഇന്‍ഡ്യന്‍ ഡ്രാമാസ്‌കോപ്പ്, കോട്ടയം സൃഷ്ടി, കൊച്ചിന്‍ നാടകവേദി, കാഞ്ഞിരപ്പള്ളി അമല തുടങ്ങിയ സമിതികളുടെ നാടകങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. 2012-ല്‍ പ്രൊഫഷണല്‍ നാടകവേദിയോട് വിടവാങ്ങിയെങ്കിലും ജി കെ പന്നാംകുഴിയുടെ
ബൈബിള്‍ നാടകത്തിലൂടെ അഭിനയ വേദിയില്‍ തിരിച്ചെത്തി. 2018ല്‍ കട്ടപ്പന ദര്‍ശനയ്ക്കുവേണ്ടി കെ ആര്‍ രമേശ് സംവിധാനം ചെയ്ത 'കൃതി' യിലെ ഗാന്ധി ചാക്കോയുടെ വേഷം ശ്രദ്ധേയമാായി. ''പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധേയമായൊരു വേഷം നല്‍കി. 'അപ്പന്‍' സിനിമയില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. അച്ചുതന്റെ അവസാനശ്വാസം, സാജന്‍ ബേക്കറി, 1956 മദ്ധ്യതിരുവിതാംകൂര്‍, ചട്ടമ്പി, റൈഫിള്‍ ക്ലബ്, നടന്ന സംഭവം തുടങ്ങിയ സിനിമകളിലും നിറസാന്നിധ്യമായി. 2023 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടക പ്രോത്സാഹന പദ്ധതിയില്‍ ദര്‍ശനയുടെ ഇടുക്കിയുടെ കുടിയേറ്റ ചരിത്രം പറയുന്ന 'തോറ്റവരുടെ യുദ്ധങ്ങള്‍' എന്ന നാടകത്തില്‍ കുടിയേറ്റ കര്‍ഷകന്‍ കരുണനായി നിറഞ്ഞാടി. ദര്‍ശനയുടെ സെനീബിലൂടെ സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായംകൂടിയ നടനുമായി. 2025ലെ രാജ്യാന്തര ഹ്രസ്വചിത്ര - ഡോക്യുമന്ററി മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട 'സിംറ്റംസ് ഓഫ് ലൗ' ഉള്‍പ്പെടെ നിരവധി ഹ്രസ്വചിത്രങ്ങളിലും 'മുത്തശ്ശി' തുടങ്ങിയ വെബ് സീരിസുകളിലും അഭിനയിച്ചു.
What's Your Reaction?