ദേവികുളം താലൂക്കില്‍ ശക്തമായ മഴ: കാഞ്ഞിരവേലിയില്‍ വീട് തകര്‍ന്നു, കല്ലാര്‍കുട്ടി മലങ്കര ഡാമുകള്‍ തുറന്നു
ദേവികുളം താലൂക്കില്‍ ശക്തമായ മഴ: കാഞ്ഞിരവേലിയില്‍ വീട് തകര്‍ന്നു, കല്ലാര്‍കുട്ടി മലങ്കര ഡാമുകള്‍ തുറന്നു

ഇടുക്കി: ദേവികുളം താലൂക്കില്‍ ചെയ്ത ശക്തമായ മഴിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിയുകയും, മരം കടപുഴകി വീഴുകയും ചെയ്തു. ദേശിയപാത 85ല്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന് സമീപം പാതയോരത്തെ മണ്‍തിട്ടിയിടിഞ്ഞ് വീണു. മണ്ണിടിഞ്ഞതിനൊപ്പം മരവും കടപുഴകി റോഡിലേക്ക് പതിച്ചെങ്കിലും ഫയര്‍ഫോഴ്സെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. കരടിപ്പാറക്ക് സമീപം റോഡിലേക്ക് മണ്ണും മരവും ഇടിഞ്ഞെത്തി ഗതാഗതം തടസപ്പെട്ടു.
കല്ലാര്‍ മാങ്കുളം റോഡില്‍ തളികത്തിന് സമീപവും വിരിപാറ പാലത്തിലും വെള്ളം കയറി. അടിമാലി കോയിക്കകുടി ജംഗ്ഷന് സമീപം പപ്പട നിര്‍മാണ യൂണിറ്റിനുള്ളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു. കുരിശുപാറ ടൗണിലും മണ്ണിടിച്ചില്‍ ഉണ്ടായി. വ്യാപാര ശാലകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന് പിറകിലെ മണ്‍തിട്ട ഇടിയുകയായിരുന്നു. അടിമാലി കാഞ്ഞിരവേലിയില്‍ കനത്തമഴയില്‍ വീട് പൂര്‍ണമായി തകര്‍ന്നു. പ്രദേശവാസിയായ അനീഷിന്റെ വീടിനാണ് നാശം സംഭവിച്ചത്. മരവും മരശിഖരങ്ങളും ഒടിഞ്ഞ് വീണ് താലൂക്കിന്റെ വിവിധമേഖലകളില്‍ വൈദ്യുതി ബന്ധം താറുമാറായി. ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. മലങ്കര അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു.
What's Your Reaction?






