ഇത് വന്യശക്തിയും മനുഷ്യ വീറും തമ്മിലുള്ള പോരാട്ടം: ആവേശപ്പെരുമ്പറ കൊട്ടി അളങ്കനല്ലൂര്‍ ജല്ലിക്കെട്ട്
ഇത് വന്യശക്തിയും മനുഷ്യ വീറും തമ്മിലുള്ള പോരാട്ടം: ആവേശപ്പെരുമ്പറ കൊട്ടി അളങ്കനല്ലൂര്‍ ജല്ലിക്കെട്ട്

ഇടുക്കി: തമിഴ് വീര്യത്തിന്റെ അവസാനവാക്കായ മധുര അളങ്കനല്ലൂര്‍ ജല്ലിക്കെട്ട് വന്യശക്തിയും മനുഷ്യ വീറും നേര്‍ക്കുനേര്‍ പോരാട്ടമായി. രണ്ടായിരം വര്‍ഷത്തിന്റെ പാരമ്പര്യമുള്ള കാളയും വീരന്മാരും തമ്മിലുള്ള പോരാട്ടം പതിനായിരക്കണക്കിന് കാണികളെ ആവേശക്കൊടുമുടി കയറ്റി. ചോര ചിന്തിയ പോര്‍ക്കളത്തില്‍ വീരന്മാരുടെയും ജെല്ലിക്കെട്ടുകാളകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം കൂടുതലും കാളകള്‍ക്കൊപ്പമായിരുന്നു. 20 കാളകളെ മെരുക്കിയ പൂവന്തിയിലെ അഭിസിദ്ധര്‍ ഒന്നാമതെത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പേരിലുള്ള കാര്‍ സമ്മാനമായി നേടി. ഏറ്റവും മികച്ച കാളയായി സേലത്തെ ബാഹുബലി തിരഞ്ഞെടുത്തു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. ഒമ്പത് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ 989 കാളകള്‍ പോര്‍ക്കളത്തിലെത്തി. രജിസ്റ്റര്‍ ചെയ്ത 410 വീരന്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു. 67 പേര്‍ക്കാണ് മത്സരത്തിനിടെ പരിക്കേറ്റത്. ഇവരില്‍ 19 കാളപിടുത്തക്കാരും 17 ഉടമകളും 31 കാഴ്ചക്കാരുമാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മധുര രാജാജി മെഡിക്കല്‍ കോളേജ് ആശുപത്രിയിില്‍ പ്രവേശിപ്പിച്ചു. 13 കാളകളെ മെരുക്കി രണ്ടാം സ്ഥാനം നേടിയ പൊടുമ്പു ശ്രീധറിന് ഷെയര്‍ ഓട്ടോയും 10 കാളകളെ മെരുക്കി മൂന്നാമതെത്തിയ മദപുരം വിഘ്‌നേഷിന് ബൈക്കും സമ്മാനമായി ലഭിച്ചു. ഒന്നാമത്തെത്തിയ കാളക്കൂറ്റന്റെ ഉടമയ്ക്ക് ട്രാക്ടര്‍ ആണ് സമ്മാനമായി നല്‍കിയത്. രണ്ടാംസ്ഥാനം നേടിയ കാളയുടെ ഉടമ അഡ്വ. പാര്‍ഥസാരഥിക്ക് മോട്ടോര്‍ സൈക്കിള്‍ ലഭിച്ചു. മത്സരത്തില്‍ കാളകളെ പിടിച്ചടക്കിയ വീരന്‍മാര്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത മെഡലുകള്‍ സമ്മാനമായി നല്‍കി.
What's Your Reaction?






