മലയോര ഹൈവേ നിര്‍മാണം കാഞ്ചിയാറിലെ ഒഴിപ്പിക്കല്‍ താല്‍കാലികമായി നിര്‍ത്തിവച്ചു
മലയോര ഹൈവേ നിര്‍മാണം കാഞ്ചിയാറിലെ ഒഴിപ്പിക്കല്‍ താല്‍കാലികമായി നിര്‍ത്തിവച്ചു

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കാഞ്ചിയാര്‍ പള്ളിക്കവലയിലെ വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ച് നീക്കാനുള്ള നടപടിയില്‍ നിന്ന് പഞ്ചായത്ത് താല്‍കാലികമായി പിന്‍മാറി. കട ഉടമകളുടെയും വ്യാപാര വ്യവസായി സമിതിയുടെയും നേതൃത്വത്തില്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. കടകള്‍ പൊളിച്ച് നീക്കാന്‍ കാഞ്ചിയാര്‍ പഞ്ചായത്ത് വ്യാപാരികള്‍ക്ക് നല്‍കിയ സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു. കട ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് നോട്ടീസും നല്‍കിയിരുന്നു. സ്വന്തമായി കട പൊളിച്ച് നീക്കാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് പൊളിക്കല്‍ നടപടി സ്വീകരിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ കട ഉടമകളും വ്യാപാരി വ്യവസായി സമിതിയും കോടതിയെ സമീപിക്കുകയും ഇതുമായി ബന്ധപെട്ട് കോടതിയുടെ നോട്ടീസ് ഇന്നല വൈകുന്നേരം പഞ്ചായത്തില്‍ ലഭിക്കുകയും ചെയ്തതോടെയാണ് താല്‍കാലികമായി കടകള്‍ പൊളിച്ച് മാറ്റുന്നതില്‍ നിന്ന് പഞ്ചായത്ത് പിന്‍മാറിയത്. ഇന്ന് കടകള്‍ പൊളിച്ച് മാറ്റാനുള്ള സാധ്യത മുന്‍ നിര്‍ത്തി വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ അടക്കം കാഞ്ചിയാര്‍ പള്ളിക്കവലയില്‍ എത്തിയിരുന്നു.
റോഡ് നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്തതിന് ശേഷം ബാക്കി വരുന്ന സ്ഥലത്ത് കച്ചവടം നടത്താന്‍ അനുവധിക്കണം.അല്ലാത്ത പക്ഷം കടകള്‍ പൊളിച്ച് മാറ്റിയാല്‍ ഇവിടെ കച്ചവടം നടത്തിവന്നിരുന്ന വ്യാപാരികളുടെ പുനരധിവാസം പഞ്ചായത്ത് ഏറ്റെടുക്കണമെന്നും വികസനത്തിന് തങ്ങള്‍ എതിരല്ല എന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രടി സാജന്‍ കുന്നേല്‍ പറഞ്ഞു. എന്നാല്‍ റോഡ് പുറപോക്കിലാണ് കടകള്‍ നിര്‍മിച്ച് പ്രവര്‍ത്തിക്കുന്നത് എന്നും റോഡ് വികസനത്തിനായി കടകള്‍ ഒഴിവാക്കണമെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. വ്യാപാരി സ്ഥാപനങ്ങള്‍ പൊളിച്ചു റോഡ് വികസനം നടപ്പിലാക്കണം എന്നാണ് ഭരണ സമിതി തീരുമാനവും.
നിലവില്‍ കോടതിയില്‍ നിന്ന് ലഭിച്ച നോട്ടീസ് പഠിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
What's Your Reaction?






