ഉപ്പുതറ കൂപ്പുപാറയില്‍ കാട്ടാനക്കൂട്ടം കൃഷിനാശമുണ്ടാക്കി
ഉപ്പുതറ കൂപ്പുപാറയില്‍ കാട്ടാനക്കൂട്ടം കൃഷിനാശമുണ്ടാക്കി

ഉപ്പുതറ കൂപ്പുപാറയിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കി. പൊടിപാറ രാജേഷ്, വിനോസ് എന്നിവര്‍ക്കാണ് കൃഷിനാശമുണ്ടായത്. വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് കാട്ടാനകള്‍ കൃഷിയിടത്തിലെത്തിയത്. ഏലച്ചെടികള്‍ ചവിട്ടിമെതിച്ച് നശിപ്പിച്ചു. കടുത്തവേനലില്‍ പോലും പരിപാലിച്ചുവന്ന ചെടികളാണ് നാമാവശേഷമാക്കിയത്. വിനോസിന്റെ കൃഷിയിടത്തിലെ കായ്ഫലമുള്ള തെങ്ങ് കുത്തിമറിച്ചിട്ടു. ഈവര്‍ഷം രണ്ടാമത്തെ തെങ്ങാണ് നശിപ്പിച്ചത്. ജലസേചന ഉപകരണങ്ങളും നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഒടുവില്‍ പടക്കംപൊട്ടിച്ച് ആനകളെ തുരത്തിയെങ്കിലും വനാതിര്‍ത്തിയില്‍ ഇവറ്റകള്‍ തമ്പടിച്ചിട്ടുണ്ട്.
കാക്കത്തോട് വനമേഖലയോടുചേര്‍ന്നുള്ള പ്രദേശമാണ് കൂപ്പുപാറ. തുടര്‍ച്ചയായി കാട്ടാനശല്യമുള്ളതിനാല്‍ കര്‍ഷകര്‍ക്ക് ഒരു കൃഷിയും ചെയ്യാന്‍ കഴിയാത്ത ദുരവസ്ഥയാണ്. വീടിന്റെപരിസരത്തും ഇവറ്റകള്‍ എത്തുന്നതായി കര്‍ഷകര്‍ പറയുന്നു. ഈവര്‍ഷം നാലുതവണ കാട്ടാന കൃഷിനാശമുണ്ടാക്കി.
വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് യാതൊരു സുരക്ഷയുമില്ല. വാച്ചര്‍മാരുടെ സേവനം കൂപ്പുപാറയില്‍ ലഭിക്കുന്നില്ല. ഫെന്‍സിങ് നിര്‍മിക്കാന്‍ അതിര്‍ത്തി തെളിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടി നിലച്ചു. പ്രദേശവാസികള്‍ ഭീതിയോടെയാണ് വീടുകളില്‍ കഴിയുന്നത്.
What's Your Reaction?






