എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ഥാടനം: ആത്മീയ നിറവില്‍ വിശ്വാസികള്‍
എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ഥാടനം: ആത്മീയ നിറവില്‍ വിശ്വാസികള്‍

ഇടുക്കി: കിഴക്കിന്റെ കാല്‍വരി എന്നറിയപ്പെടുന്ന എഴുകുംവയല്‍ കുരിശുമലയില്‍ വലിയനോമ്പ് തീര്‍ഥാടനകാലത്ത് ദിവസവും എത്തുന്നത് ആയിരങ്ങള്‍. നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ജൂബിലി വര്‍ഷമായി ആചരിക്കുന്ന നോമ്പുകാല രൂപതാ തീര്‍ഥാടനം എന്ന സവിശേഷതയും ഇക്കൊല്ലമുണ്ട്. തക്കാളിമല എന്നറിയപ്പെടുന്ന കൂമ്പന്‍മലയാണ് പിന്നീട് പ്രസിദ്ധമായ എഴുകുംവയല്‍ കുരിശുമലയായി മാറിയത്. ഹൈറേഞ്ചിലെ കുടിയേറ്റ ജനതയുടെ ആത്മീയ ഗുരു ഫാ. ജോസഫ് കക്കുഴിയുടെ നേതൃത്വത്തിലാണ് ഇവിടെ കുരിശ് സ്ഥാപിച്ചത്. 1960 മുതല്‍ മലയിലേക്ക് വിശ്വാസികള്‍ പരിഹാരപ്രദക്ഷിണം നടത്തിവരുന്നു. 2006ല്‍ കുരിശുമല തീര്‍ഥാടന പള്ളിയുടെ നിര്‍മാണം ആരംഭിച്ച് 2007 ഫെബ്രുവരി 10ന് പൂര്‍ത്തിയാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വിശ്വാസ സമൂഹം ഇവിടേയ്ക്ക് ഒഴുകിയെത്തി.
2022ല്‍ എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇടുക്കി രൂപതയുടെ നോമ്പുകാല തീര്‍ഥാടനം ഇവിടേയ്ക്ക് നടത്തിവരുന്നു. ആയിരങ്ങളാണ് കാല്‍നട തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നത്.
ഓരോവര്‍ഷവും കുരിശുമല പള്ളിയില്‍ നവീകരണവും നടത്തിവരുന്നു. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളും സ്ഥാപിച്ചു. പ്രകൃതിക്ക് യാതൊരുവിധ കോട്ടവും വരുത്താതെ നടപ്പുവഴിമാത്രം നിര്‍മിച്ചാണ് തീര്‍ഥാടന കേന്ദ്രം പരിപാലിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപം, കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങള്‍, തോമാശ്ലീഹായുടെ രൂപം, ഗത്സമനില്‍ പ്രാര്‍ഥിക്കുന്ന കര്‍ത്താവിന്റെ രൂപം, സംശയാലുവായ തോമാശ്ലീഹായുടെ രൂപം, തിരുക്കല്ലറ, കേരളത്തില്‍ ആദ്യമായി നിര്‍മിച്ച മിസേറിയ രൂപം എന്നിവ സന്ദര്‍ശിച്ചാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. മലമുകളിലെ വറ്റാത്ത കിണറും അത്ഭുതമായി വിശ്വാസികള്‍ കണക്കാക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ കുരിശുമലയിലെത്തുന്നു. വിവിധ ഇടവകകളില്‍നിന്ന് വൈദികരുടെ നേതൃത്വത്തില്‍ തീര്‍ഥാടനം നടത്തിവരുന്നു. അടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍ നിന്നാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. യേശുക്രിസ്തുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ച് നിരവധിപേര്‍ മരക്കുരിശ് ചുമന്നും മല കയറുന്നു. തീര്‍ഥാടനകാലം എഴുകുംവയലിലെ ജനങ്ങളുടെ കൂട്ടായ്മയും വിളിച്ചോതുന്നു. മലമുകളില്‍ എത്തുന്ന എല്ലാവര്‍ക്കും നേര്‍ച്ചക്കഞ്ഞിയും കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്.
40-ാംവെള്ളി ദിനത്തില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ ഇടുക്കി രൂപത തീര്‍ഥാടനം നടക്കും. 18ന് ദുഃഖവെള്ളി ദിനത്തില്‍ പുലര്‍ച്ചെ 7ന് കുരിശിന്റെ വഴി ആരംഭിക്കും. തീര്‍ഥാടന പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
What's Your Reaction?






