ജില്ലയില്‍ പെരുമഴ തുടരുന്നു: വീടുകള്‍ തകര്‍ന്നു: ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു:
ജില്ലയില്‍ പെരുമഴ തുടരുന്നു: വീടുകള്‍ തകര്‍ന്നു: ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു:

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയിലെമ്പാടും കനത്ത മഴ തുടരുന്നു. രാവിലെ നേരിയ ശമനമുണ്ടായെങ്കിലും ഉച്ചയോടെ വീണ്ടും പലസ്ഥലങ്ങളിലും മഴ ശക്തമായി. ജില്ലയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനമുണ്ട്. മൂന്നുദിവസമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. ദേവികുളത്ത് കരിങ്കല്‍കെട്ട് ഇടിഞ്ഞ് ഒരുവീട് തകര്‍ന്നു. മൂന്നാറില്‍ 9 കുടുംബങ്ങളെ ദുരിതശ്വാസ ക്യാമ്പിലേക്കുമാറ്റി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്.
ദേവികുളം കോളനിയില്‍ റോഡിന്റെ സംരക്ഷണഭിത്തി നിലംപൊത്തി പ്രദേശവാസി വില്‍സന്റെ വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അടക്കളയും രണ്ട് മുറികളും പൂര്‍ണമായി തകര്‍ന്നു. ദേശീയപാതയില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനുസമീപം മണ്ണിടിഞ്ഞ് സമീപത്തെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലായി.മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസലിക്കയുടെ ഹാളില്‍ 9 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അപകട സാധ്യതമേഖലയായ അന്തോണിയര്‍ കോളനിയിലെ താമസക്കാരെയും മാറ്റിപ്പാര്‍പ്പിക്കുമെന്നും ദേവികുളം സബ് കലക്ടര്‍ അറിയിച്ചു.
ഗ്യാപ് റോഡില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പകല്‍സമയങ്ങളില്‍ കടന്നുപോകുന്ന ടുറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഗ്യാപ്പ് റോഡില്‍ നിര്‍ത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. കരുണാപുരത്ത് സംരക്ഷണഭിത്തി തകര്‍ന്ന് 3 വീടുകള്‍ അപകടാവസ്ഥയിലായി. ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏലപ്പാറ ബോണാമിയില്‍ മരം കടപുഴകി വീണ് ഒരുവീട് ഭാഗികമായി തകര്‍ന്നു.
What's Your Reaction?






