ഇടുക്കി: കട്ടപ്പനയിലെ ട്രേഡിങ് സ്ഥാപനത്തിൽ നിന്ന് 120 കിലോ ഏലക്ക മോഷണം പോയി. തോപ്രാംകുടി മുണ്ടിയാങ്കൽ ബിബിൻ മാത്യുവിന്റെ ഉടമസ്ഥതയിൽ ജ്യോതിസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആർഎംഎസ് സ്പൈസസിലാണ് വെള്ളി പുലർച്ചെ 1.15 ഓടെ മോഷണം നടന്നത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്ഐ എന്നറിയപ്പെടുന്ന ബിജുവും മറ്റൊരാളും ചേർന്നാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. ഏലക്ക കടത്താനായി മറ്റൊരു സ്ഥലത്തുനിന്ന് മോഷ്ടിച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷ ചെറുതോണി പാലത്തിനുസമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കെട്ടിടത്തിന്റെ ഉള്ളിൽ കടക്കാതെ അടിവശത്തെ നിലയിലെ ജനാല തകർത്ത് ചാക്ക് തുരന്ന് ഏലക്കാ മോഷ്ടിക്കുകയായിരുന്നു. ജനാലയിലൂടെ ചാക്കിൽ നിന്ന് ഏലക്ക വാരിയെടുത്ത് കൈവശമുണ്ടായിരുന്ന മറ്റൊരു ചാക്കിൽ നിറച്ചു. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏലക്ക നഷ്ടമായിട്ടുണ്ട്.
ഏലക്കാ കടത്താൻ മറ്റൊരു സ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയും മോഷ്ടിച്ചിരുന്നു. ഏലക്ക ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നത് സ്ഥാപനത്തിലെ സിസിടിവി ക്യാമറകളിൽ പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ജനാലയോട് ചേർന്ന്ഏലക്ക പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ജനാലയുടെ കമ്പികൾ മുറിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഈ നീക്കം ഉപേക്ഷിച്ചു. കയറ്റുമതി ചെയ്യാനായി സൂക്ഷിച്ചിരുന്ന ഗ്രേഡ് ഏലക്കയാണ് മോഷണംപോയത്. ഉടമയുടെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.