നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് വാഹന പ്രചരണ ജാഥ ബുധനാഴ്ച
നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് വാഹന പ്രചരണ ജാഥ ബുധനാഴ്ച
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ബുധനാഴ്ച പഞ്ചായത്തിലുടനീളം വാഹന പ്രചാരണ ജാഥകള്‍ നടത്തും. എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണം മൂലം പഞ്ചായത്ത് വികസന രംഗത്ത് പിന്നോക്കം പോയിരിക്കുകയാണ്. ഗ്രാമീണ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. മാലിന്യപ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. ടൗണിലെ ശൗചാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ബസ് സ്റ്റാന്‍ഡും പരിസരവും വാഹനങ്ങള്‍ക്ക് കയറാന്‍ കഴിയാത്ത നിലയില്‍ തകര്‍ന്നുകിടക്കുന്നു. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയും മാസാമാസം പുതിയ പഞ്ചായത്ത് പ്രസിഡന്റുമാര്‍ മാറുകയും ചെയ്യുന്നതല്ലാതെ വികസന രംഗത്ത് മുരടിപ്പ് മാത്രമാണുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. എംഎസ് മഹേശ്വരന്‍ ക്യാപ്റ്റനായുള്ള ഈസ്റ്റ് മണ്ഡലം കമ്മിറ്റി ജാഥ ബുധനാഴ്ച രാവിലെ 9.30 ന് തോവാളപ്പടിയില്‍ കെപിസിസി സെക്രട്ടറി എം.എന്‍ ഗോപിയും, രാജേഷ് ജോസഫ് ക്യാപ്റ്റനായുള്ള വെസ്റ്റ് മണ്ഡലം കമ്മിറ്റി ജാഥ രാവിലെ 9ന് മഞ്ഞപ്പെട്ടിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറും ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന ജാഥകള്‍ വൈകുന്നേരം 5.30 ന് നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം എസ് മഹേശ്വരന്‍, രാജേഷ് ജോസഫ്, ഷിഹാബ് ഈട്ടിക്കല്‍, ലിനിമോള്‍, ലിസി ദേവസ്യ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?