ഇടുക്കി: വണ്ടിപ്പെരിയാര്‍ തങ്കമല പുതുവലിലുണ്ടായ കാട്ടാനയാക്രമണത്തില്‍ ഏക്കറ് കണക്കിന് കൃഷിയും സോളാര്‍ ഫെന്‍സിങ്ങും തകര്‍ന്നു. ഉത്തമി മാടസ്വാമിയുടെ കൃഷിയിടത്തിലെ ഏലം, തെങ്ങ്, കവുങ്ങ് കൃഷികളാണ് നശിപ്പിച്ചത്. ഒരുലക്ഷം രൂപ മുടക്കി നിര്‍മിച്ച സോളാര്‍ ഫെന്‍സിങ്ങും തകര്‍ത്തും. വീടിന് അടുത്തുവരെ കാട്ടാന എത്തിയതിനാല്‍ ഭീതിയോടെയാണ് വീട്ടില്‍ കഴിയുന്നതെന്ന് ഉത്തമി പറഞ്ഞു. മേഖലയില്‍ നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. തങ്കമല പുതുവല്‍ ഭാഗത്ത് വനംവകുപ്പ് ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതാണ് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേയ്ക്ക് എത്താന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.