ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റുന്നു
ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റുന്നു
ഇടുക്കി: ചെറുതോണിയില്‍ താല്‍ക്കാലിക സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ജില്ലാ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലേക്ക് മാറ്റുന്നു. ഈ മാസം മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി നിയുക്ത എംഎല്‍എ റോയി കെ പൗലോസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. വാക്കാല്‍ മാത്രമുള്ള കരാറിന്റെ കാലാവധി അവസാനിക്കാന്‍ പത്ത് ദിവസം കൂടി ശേഷിക്കെയാണ് ഓഫീസ് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സിലേക്ക് മാറ്റുന്നത്. ഇവിടെ ഇലക്ട്രിക്കല്‍ ജോലികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ചെറിയ അറ്റകുറ്റപ്പണികള്‍ കൂടി കഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കകം സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്ത അഞ്ച് സര്‍വീസുകളാണ് നിലവില്‍ ചെറുതോണിയില്‍നിന്നുള്ളത്. നാല് അടിമാലി സര്‍വീസുകളും ഒരു അടിമാലികട്ടപ്പന സര്‍വീസും കഞ്ഞിക്കുഴി ഉള്‍പ്പെടുന്ന പ്രാദേശിക സര്‍വീസുമാണ് ഇവിടെനിന്നുള്ളത്. നിലവില്‍ 25 ജീവനക്കാരാണ് ഈ ഓപ്പറേറ്റിങ് സെന്ററില്‍ ജോലി ചെയ്യുന്നത്.
What's Your Reaction?
