നെടുങ്കണ്ടത്ത് കുടുംബത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് ഭൂമാഫിയ: വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് പാത തകര്‍ത്തു
നെടുങ്കണ്ടത്ത് കുടുംബത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് ഭൂമാഫിയ: വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് പാത തകര്‍ത്തു
ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ ഒരു കുടുംബത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് ഭൂമാഫിയ. പച്ചടി സ്വദേശിയായ കണ്ടച്ചാലില്‍ ജോസ് തോമസിന്റെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് വഴിയാണ് കഴിഞ്ഞ രാത്രിയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ ഭൂമി വാങ്ങിയ തമിഴ്‌നാട് സ്വദേശികളായ സംഘമാണ് അതിക്രമത്തിന് പിന്നില്‍. ടാര്‍ റോഡില്‍നിന്നും ജോസിന്റെ വീട്ടിലേക്കുള്ള പാതയുടെ ഇരുവശങ്ങളിലുമുള്ള ഭൂമി രണ്ട് വ്യത്യസ്ത വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു. ഈ രണ്ട് വസ്തുക്കളും ടാര്‍ റോഡിന് എതിര്‍വശത്തുള്ള മറ്റ് ഭൂമിയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് സ്വദേശികള്‍ വിലയ്ക്ക് വാങ്ങിയിരുന്നു. തുടര്‍ന്ന് കൃഷി ഒഴുക്കുന്നതിനായി ഇവര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതോടെ ജോസിന്റെ വീട്ടിലേക്കുള്ള മണ്‍പാതയിലൂടെയുള്ള കാല്‍നടയാത്രപോലും ദുരിതത്തിലായി. ഇതേത്തുടര്‍ന്നാണ് മണ്‍പാത കോണ്‍ക്രീറ്റ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ രാത്രിയില്‍ ഒരു സംഘം ആളുകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാത പൂര്‍ണമായി തകര്‍ക്കുകയായിരുന്നു. കുടുംബം 25 വര്‍ഷമായി ഉപയോഗിച്ചിരുന്ന വഴിയാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയത്. പ്രദേശം മൊത്തത്തില്‍ ഭൂമാഫിയയുടെ പിടിയിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ചുറ്റുമുള്ള ഭൂമി വിലയ്ക്ക് വാങ്ങിയ ശേഷം വഴിയും വെള്ളവും തടസപ്പെടുത്തി ചെറുകിട കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ് ഇവരുടെ രീതി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
What's Your Reaction?
