ഏലം കര്‍ഷകരുടെ ഭൂവിഷയങ്ങള്‍: കാര്‍ഡമം കോണ്‍ക്ലേവ് 27ന് പുളിയന്‍മലയില്‍
ഏലം കര്‍ഷകരുടെ ഭൂവിഷയങ്ങള്‍: കാര്‍ഡമം കോണ്‍ക്ലേവ് 27ന് പുളിയന്‍മലയില്‍
ഇടുക്കി: ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ നേരിടുന്ന വിവിധ ഭൂസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പ്ലാന്റേഴ്സ് ക്ലബ് പുളിയന്‍മല 27ന് 'കാര്‍ഡമം കോണ്‍ക്ലേവ് - 2026' സംഘടിപ്പിക്കും. ക്ലബിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മേഖലയിലെ വിവിധ ഏലം കര്‍ഷക-അനുബന്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി. വൈകിട്ട് 3ന് പുളിയന്മല ഗ്രീന്‍ ഹൗസ് ഓഡിറ്റോറിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയി കെ പൗലോസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എഫ് രാജ, കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി പി സി സിറിയക് എന്നിവരും നിയമവിദഗ്ധരും കര്‍ഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ഏലം കൃഷിക്കായി പതിച്ചുനല്‍കിയ സിഎച്ച്ആര്‍ മേഖലയുമായി ബന്ധപ്പെട്ട നിയമപരമായ അവ്യക്തതകള്‍, നിയമഭേദഗതികള്‍, ഏലം പട്ടയഭൂമിയിലെ നിര്‍മാണ നിരോധനം, കൈവശഭൂമിക്ക് പട്ടയം ലഭിക്കുന്നതിലെ തടസങ്ങള്‍, കുത്തകപ്പാട്ട ഭൂമി പുതുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷകദ്രോഹ ശുപാര്‍ശകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള കര്‍ഷകരുടെ ആശങ്കകളും കോണ്‍ക്ലേവ് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സര്‍ക്കാരിനെ വിമര്‍ശിക്കാനല്ല, മറിച്ച് ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികവും നിയമപരവുമായ പരിഹാരം കണ്ടെത്താനുള്ള സംവാദ വേദിയായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് പ്ലാന്റേഴ്സ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്ലാന്റേഴ്സ് ക്ലബ് പ്രസിഡന്റ് സിബി എബ്രഹാം, സെക്രട്ടറി റോബി ജോസഫ്, കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ വണ്ടന്‍മേട് പ്രസിഡന്റ് ആന്റണി മാത്യു, ജനറല്‍ സെക്രട്ടറി അഡ്വ. ഷൈന്‍ വര്‍ഗീസ്, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി പി സി മാത്യു, കേരള കാര്‍ഡമം ഗ്രോവേഴ്സ് യൂണിയന്‍ കമ്പം പ്രസിഡന്റ് ടി ജി കുമരന്‍, ട്രഷറര്‍ തിരുമുരുകന്‍, കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ ട്രഷറര്‍ ജീവാനന്ദന്‍, ജില്ലാ അഗ്രോ ഇന്‍പുട്ട്‌സ് ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി ഡി ശ്രീകുമാര്‍, സെക്രട്ടറി ജോണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?