കവി കെ ആര്‍ രാമചന്ദ്രന് ആദരം: 'കവിതാരാമം' 26ന് കട്ടപ്പനയില്‍
കവി കെ ആര്‍ രാമചന്ദ്രന് ആദരം: 'കവിതാരാമം' 26ന് കട്ടപ്പനയില്‍
ഇടുക്കി: ഹൈറേഞ്ചിന്റെ സാംസ്‌കാരിക ഭൂമികയില്‍ അഞ്ച് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനില്‍ക്കുന്ന കവിയും മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ ആര്‍ രാമചന്ദ്രന് കട്ടപ്പനയിലെ വിവിധ കലാ-സാംസ്‌കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 'കവിതാരാമം' എന്ന പേരില്‍ ആദരവ് നല്‍കുന്നു. 26ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ കട്ടപ്പന ഏദന്‍ ഹാളിലാണ് പരിപാടി. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ ഗായകര്‍ ആലപിക്കും. 3ന് കെ ആറിന്റെ കാവ്യലോകത്തെ അടിസ്ഥാനമാക്കി കവിതയിലെ പ്രതിരോധം, പെണ്ണിടങ്ങള്‍, മാനവികത, സ്വത്വബോധം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടക്കും. 4ന് 'കെ ആറിന്റെ സാംസ്‌കാരിക ലോകം' എന്ന സെഷനില്‍ കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സഹപ്രവര്‍ത്തകരും സൗഹൃദാനുഭവങ്ങള്‍ പങ്കുവെക്കും. 5ന് നടക്കുന്ന ആദരസന്ധ്യ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനംചെയ്യും. ചടങ്ങില്‍ കെ ആര്‍ രാമചന്ദ്രന്റെ പുതിയ കവിതാസമാഹാരമായ 'ഊന്നുവടികള്‍' കവി ജിജി കെ ഫിലിപ്പ് പ്രകാശനം ചെയ്യും. നോവലിസ്റ്റ് പുഷ്പമ്മ ആദ്യപ്രതി ഏറ്റുവാങ്ങും. എഴുത്തുകാരന്‍, സംഘാടകന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, സാംസ്‌കാരിക-രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ പ്രദേശത്തിന്റെ സാമൂഹിക പുരോഗതിക്കായി ഇടപെടുന്ന വ്യക്തിത്വമാണ് കെ ആര്‍ രാമചന്ദ്രന്‍. വാര്‍ത്താസമ്മേളനത്തില്‍ മോബിന്‍ മോഹന്‍, ഇ ജെ ജോസഫ്, എം സി ബോബന്‍, ബാബു പൗലോസ്, കെ എ മണി, പ്രിന്‍സ് ഓവേലില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?