ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: തോട്ടം മേഖലകളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ക്കെതിരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ (സിഐടിയു) ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. തോട്ടം മേഖലയില്‍ ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുമ്പോഴും ഇതിനെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് അധികൃതര്‍ തയാറാകുന്നില്ലെന്നും മദ്യ മയക്കുമരുന്ന് മാഫിയകളില്‍നിന്ന് കൈക്കൂലി വാങ്ങിക്കൊണ്ട് മേഖലയിലെ ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കൊണ്ടുവന്ന തൂഫാന്‍ പദ്ധതി ജനോപകാരപ്രദമായി നടപ്പാക്കാതെ മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. തോട്ടം മേഖലയില്‍ എക്സൈസ്-പൊലീസ്-മാഫിയ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കുന്നവരെ കേസില്‍ കുടുക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ടൗണില്‍നിന്ന് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് എക്‌സൈസ് ഓഫീസിന് മുമ്പില്‍ പൊലീസ് തടഞ്ഞു. നേതാക്കളായ യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.പി സുനില്‍കുമാര്‍, വി.എന്‍. മോഹനന്‍,പി. എന്‍. വിജയന്‍,വി. വി.ഷാജി, പി. എസ്. രഞ്ജിത്ത് കുമാര്‍,കെ കെ സജി കുമാര്‍,ജിജി വര്‍ഗീസ്,ബീന സന്തോഷ്,ജിഷ ദിലീപ്,എ.ടി. റോയ്, ഉണ്ണികൃഷ്ണന്‍,വേലു സാമി, രശ്മി ധനരാജ്, ജോബിന്‍ ജോര്‍ജ്, കവിത രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?