മലയോര ഹൈവേയില്‍ അപകടങ്ങള്‍ പതിവാകുന്നു: നടപടി വേണമെന്ന് നാട്ടുകാര്‍
മലയോര ഹൈവേയില്‍ അപകടങ്ങള്‍ പതിവാകുന്നു: നടപടി വേണമെന്ന് നാട്ടുകാര്‍
ഇടുക്കി: കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. കാഞ്ചിയാര്‍ ലബ്ബക്കട മുതല്‍ കട്ടപ്പന വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഈ ഭാഗത്ത് രണ്ട് വാഹനാപകടങ്ങളാണ് ഉണ്ടായത്. റോഡ് നവീകരണത്തിന് ശേഷവും നിരവധി അപകടങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
വീതികൂട്ടി ആധുനിക രീതിയില്‍ നിര്‍മിച്ച റോഡിലൂടെയുള്ള അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് പ്രധാന വില്ലന്‍. മലയോര മേഖലയിലെ വളവുകളും തിരിവുകളും നിറഞ്ഞ പാതയില്‍ വേഗത നിയന്ത്രിക്കാതെ എത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുകയോ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയോ ചെയ്യുകയാണ്. പാത നവീകരിച്ചതോടെ ഗതാഗതം സുഗമമായെങ്കിലും, ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുടെ കുറവും ഡ്രൈവര്‍മാരുടെ ജാഗ്രതക്കുറവും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അമിതവേഗത കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകുന്നുണ്ട്.
കാഞ്ചിയാര്‍, ലബ്ബക്കട, കട്ടപ്പന ഭാഗങ്ങളില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഭാഗത്തുനിന്ന് കര്‍ശന പരിശോധനകള്‍ ഉണ്ടാകണം. അധികൃതര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളിലും അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?