അണക്കരയിലെ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിര്മാണം നിലച്ചു
അണക്കരയിലെ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിര്മാണം നിലച്ചു
ഇടുക്കി: ചക്കുപള്ളം അണക്കരയിലെ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയ സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പുതിയതായി നിര്മിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്മാണവും നിലച്ചു. പഴയ കാത്തിരിപ്പ് കേന്ദ്രം രാത്രിയുടെ മറവില് അനധികൃതമായി പൊളിച്ചതിനെ തുടര്ന്നാണ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പൊലീസില് പരാതി നല്കിയത്.
ഭരണസമിതിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ബസ് കാത്തിരിപ്പുകേന്ദ്രം സാമൂഹ്യവിരുദ്ധര് പൊളിച്ചെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തിയിരുന്നു. എന്നാല് സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന്റെ നേതൃത്വത്തിലാണ് പൊളിച്ചുമാറ്റിയതെന്നും ഇതിന് പിന്നിലായി പുതിയതായി നിര്മിക്കുന്ന വ്യാപാര സ്ഥാപനത്തിനുവേണ്ടിയാണ് പൊളിച്ചുമാറ്റിയതെന്ന ആക്ഷേപം ഉയര്ന്നിരുന്നു. തുടര്ന്ന് സര്വകക്ഷിയോഗം ചേരുകയും തുടങ്ങിവച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്മാണം പഞ്ചായത്തിന്റെ നേതൃത്വത്തില് തുടരാന് തീരുമാനിക്കുകയും ചെയ്തതിരുന്നു. എന്നാല് സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സണ് ജയന് കുഴിക്കാട്ട് പുതിയതായി നിര്മിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം സ്വകാര്യ സ്ഥാപനത്തിന്റെ സിഎസ്ആര് ഫണ്ട് ഉപയോഗിച്ചതാണ് നടത്തുന്നതെന്നും പഞ്ചായത്തിന് ഒരുരൂപ പോലും ചെലവില്ലാതെ അത്യാധുനിക രീതിയില് കാത്തിരിപ്പ് കേന്ദ്രം നിര്മിക്കുന്നതിന് വേണ്ടിയാണ് പൊളിച്ചുമാറ്റിയതെന്നും പറഞ്ഞ് രംഗത്തെത്തി. ഈ വിവരങ്ങള് പഞ്ചായത്ത് കമ്മിറ്റിയില് അറിയിച്ചിരുന്നതായും ആരും എതിര്ത്തിരുന്നില്ലെന്നും സമൂഹമാധ്യമങ്ങള് വഴി ജയന് പറയുന്നു. കഴിഞ്ഞ 9ന് രാത്രിയിലാണ് പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതെങ്കിലും വിവാദങ്ങള് ആയതിനെ തുടര്ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി 13നാണ് പൊലീസില് പരാതി നല്കിയത്. തര്ക്കങ്ങള് നിലനില്ക്കുന്ന സാഹചര്യത്തില് പൊലീസിന്റെ നിര്ദേശത്താലാണ് നിലവില് ജോലികള് നിര്ത്തിവച്ചിരിക്കുന്നത്. നിര്മാണം പാതിവഴിയില് നിലച്ചതോടെ യാത്രക്കാര് പെരുവഴിയിലുമായി. കയറിനില്ക്കാന് ഇടമില്ലാതെ യാത്രക്കാര് പാതയോരത്ത് കാത്തുനില്ക്കേണ്ടിവരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിലെ ഭിന്നതകളാണ് യാത്രക്കാരെ പെരുവഴിയിലാക്കിയിരിക്കുന്നത്. എത്രയും വേഗം തര്ക്കങ്ങള് അവസാനിപ്പിച്ച് ജനങ്ങള്ക്ക് സൗകര്യപ്രദമായ ബസ് കാത്തിരിപ്പുകേന്ദ്രം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?