ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ജീവന്‍രക്ഷ മരുന്നുകളും സ്ട്രിപ്പുകളും ലഭ്യമല്ല: മരുന്നുകള്‍ സ്‌റ്റോറില്‍ കെട്ടിക്കിടക്കുന്നു: രോഗികള്‍ പ്രതിസന്ധിയില്‍
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ജീവന്‍രക്ഷ മരുന്നുകളും സ്ട്രിപ്പുകളും ലഭ്യമല്ല: മരുന്നുകള്‍ സ്‌റ്റോറില്‍ കെട്ടിക്കിടക്കുന്നു: രോഗികള്‍ പ്രതിസന്ധിയില്‍
ഇടുക്കി: ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷുഗര്‍ അടിയന്തരമായി പരിശോധിക്കാനുള്ള സ്ട്രിപ്പ് പോലുമില്ലെന്ന ആരോപണവുമായി രോഗി രംഗത്ത്. കഞ്ഞിക്കുഴി സ്വദേശി സുരേഷാണ് ആരോപണവുമായി രംഗത്തെത്തിയത്. കടുത്ത പ്രമേഹ ബാധയെത്തുടര്‍ന്നാണ് സുരേഷ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഷുഗറിന്റെ അളവ് 470ന് മുകളിലായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിലെത്തി വീണ്ടും പരിശോധനയ്ക്ക് ചെന്നപ്പോഴാണ് സ്ട്രിപ്പില്ലെന്ന വിവരം അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പുറത്തെ മെഡിക്കല്‍ സ്റ്റോറുകളിലെ തിരക്ക് കാരണം വാങ്ങാന്‍ സാധിച്ചില്ലെന്നും സുരേഷ് പറഞ്ഞു. എന്നാല്‍ ചികിത്സാ സംവിധാനങ്ങള്‍ മാത്രമല്ല മരുന്ന് വിതരണവും പൂര്‍ണമായി നിലച്ച സ്ഥിതിയാണ്. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍, ഗുളികകള്‍, ഹൃദ്രോഗത്തിനുള്ള ആസ്പിരിനും ക്ലോപ്പിഡോഗ്രലും, ആസ്ത്മയ്ക്കുള്ള ഇന്‍ഹേലറുകളുമടക്കമുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമല്ലെന്ന വിവരം ഫാര്‍മസി ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ദിവസേനയെത്തുന്ന നൂറുകണക്കിന് രോഗികളാണ് സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെ ആശ്രയിക്കുന്നത്. എന്നാല്‍ ഫാര്‍മസിയില്‍ 'ലഭ്യമല്ല' എന്ന് പറയുന്ന ഈ മരുന്നുകള്‍ പലതും ആശുപത്രി സ്റ്റോറില്‍ തന്നെയുണ്ടെന്നതാണ് യാഥാര്‍ഥ്യം. ആശുപത്രിയിലെത്തുന്ന മരുന്നുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നും, ഇവ തരംതിരിച്ച് ഫാര്‍മസിയിലേക്ക് എത്തിക്കാന്‍ മതിയായ ജീവനക്കാരില്ലെന്നുമാണ് ലഭിക്കുന്ന വിവരം. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പുതിയ ബ്ലോക്കിലെ നാല് നിലകള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി കിടക്കുകയാണ്. മരുന്നുകള്‍ ദിവസങ്ങളോളം തറയില്‍ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ ഇവ സ്റ്റോറിലേക്ക് മാറ്റിയെങ്കിലും, ഫാര്‍മസി കൗണ്ടറുകളിലേക്ക് എത്തിക്കാന്‍ ആളില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നില്ല.
What's Your Reaction?